സ്വന്തം ലേഖകന്‍: 2030 ഓടെ ജപ്പാനേയും ജര്‍മനിയേയും ബ്രിട്ടനേയും കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പതിക ശക്തിയാകുമെന്ന് യുഎസ് ഏജന്‍സി. യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എകണോമിക് റിസര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തിലാണ് 2030 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.64 ലക്ഷം കോടി രൂപയുടെ വലുപ്പം കൈവരിക്കുമെന്ന് വ്യക്തമാക്കുന്നത്. 7.4 ശതമാനം ശരാശരി വാര്‍ഷിക വളര്ച്ചയോടെയായിരിക്കും ഇന്ത്യയുടെ മുന്നേറ്റം.
2022 ഓടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെയും വിലയിരുത്തല്‍. ഇതോടെ ബ്രിട്ടന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ പട്ടികയിലെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ നിന്നും പിന്തള്ളപ്പെടുമെന്നുമാണ് ഐഎംഎഫിന്റെ നിരീക്ഷണം. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഇടക്കാല വളര്‍ച്ച ഏകദേശം എട്ട് ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി.
ജൂലൈ ഒന്നിന് ഏകീകൃത ചരക്ക് സേവന നികുതി പ്രബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്‍ ഭാവിയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും. പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ടെന്നും അത് ഭാവിയില്‍ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ താവ ഷാംഗ് പറഞ്ഞു.
എന്നാല്‍, ദക്ഷിണേഷ്യന്‍ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ അഞ്ചാമത് ഇടം നേടുന്നതിന് വെല്ലുവിളികള്‍ ഏറെയാണ്. നികുതി വ്യവസ്ഥയില്‍ അഴിച്ചുപണി നടത്തുക, പ്രധാന സമ്പദ്വ്യവസ്ഥകള്ക്കിടയില് അസ്വസ്ഥത സൃഷ്ടിക്കുന്ന ആസ്തികള്‍ ക്രമീകരിക്കുക, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, കോര്‍പ്പറേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുക തുടങ്ങിയ വെല്ലുവിളികളാണ് അവയില്‍ ചിലത്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതെയുള്ളു. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് ഉല്‍പ്പാദനവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാധന സേവനങ്ങളുടെ കൈമാറ്റവും വര്‍ധിക്കുമെന്നാണ് ഐഎംഎഫ് വൃത്തങ്ങള്‍ പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്റെ നിഗമനം. ആഗോള തലത്തില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും പണപ്പെരുപ്പം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ്ടി ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലും പൊതുധനകാര്യ സംവിധാനത്തിന്റെ നിലനില്‍പ്പിലുമാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നത് കിട്ടാക്കടം സംബന്ധിച്ച പ്രശ്നങ്ങളും നിഷ്ക്രിയ ആസ്തികളുമാണ്. ഇതേ വിഷയത്തില്‍ തന്നെയാണ് അന്താരാഷ്ട്ര നാണയനിധിയും ആശങ്കയറിയിച്ചിട്ടുള്ളത്. രാജ്യത്തെ നിരവധി പ്രധാനപ്പെട്ട മേഖലകളില്‍ കോര്‍പ്പറേറ്റ് അടിത്തറ ശക്തമല്ലെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല