സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ബിരിയാണി മണം പുറത്തേക്ക് ഒഴുകിയതിന് ഉടമകള്‍ക്ക് അധികൃതരുടെ വക പിഴ. കുഷി ഇന്ത്യന്‍ ബഫെറ്റ് റെസ്റ്റോറന്റ് ഉടമകളായ ഷബാനയ്ക്കും മുഹമ്മദ് കുഷിയ്ക്കുമാണ് മിഡില്‍സ്ബര്‍ഗ് കൗണ്‍സില്‍ പിഴയിട്ടത്. റെസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് പരക്കുന്ന ബിരിയാണിയുടെയും ബജിയുടെയും മണം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് അയല്‍വാസികളാണ് പരാതി നല്‍കിയത്.
റെസ്റ്റോറന്റിലന് മതിയായ ഫില്‍റ്ററിംഗ് സംവിധാനമില്ലെന്നും അതുമൂലം അയല്‍വാസികള്‍ക്ക് അവിടെനിന്നുള്ള ഭക്ഷണത്തിന്റെ മണം അനുഭവിക്കേണ്ടി വരുന്നുവെന്നും കോടതി കണ്ടെത്തി. പഞ്ചാബി വിഭവങ്ങളാണ് ഈ റെസ്റ്റോറന്റില്‍ വിളമ്പിയിരുന്നത്. ഫ്ലാറ്റുകളും ബിസിനസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന റെഡ് റോസ് പബിലാണ് ഇന്ത്യന്‍ റെസ്റ്റോറന്റും പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെനിന്നും ഇന്ത്യന്‍ മസാല ഭക്ഷണങ്ങളുടെ തീവ്രതയേറിയ മണം തങ്ങളുടെ താമസസ്ഥലത്തേക്ക് എത്തുന്നുവെന്നായിരുന്നു കൗണ്‍സിലില്‍ പ്രദേശവാസികള്‍ പരാതിപ്പെട്ടത്. മണം കാരണം ചിലപ്പോഴൊക്കെ തങ്ങളുടെ വസ്ത്രങ്ങള്‍ പോലും വീണ്ടും വീണ്ടും കഴുകേണ്ടി വരുന്നതായും ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ റസ്റ്റോറന്റിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി.
റസ്റ്റോറന്റ് ഉടമകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണത്തിന്റെ മണം ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇരുവരും 280 പൗണ്ട് വീതം പിഴ നല്‍കണമെന്നാണ് കോടതി വിധിച്ചത്. 500 പൗണ്ട് വീതം കോടതി ചെലവിലേക്കും 30 പൗണ്ട് വീതം പരാതിക്കാര്‍ക്കും നല്‍കണം.
എന്നാല്‍ തങ്ങളെ ലക്ഷ്യം വെച്ച് ചിലരാണ് പരാതി നല്‍കിയതെന്ന് ഷബാന വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നത് ഇതിന് തെളിവാണെന്നും ഇവര്‍ വാദിക്കുന്നു. അടുക്കള ഉപകരണങ്ങള്‍ സജ്ജമാക്കുന്ന ഒരു കമ്പനിയാണ് 2015ല്‍ റസ്റ്ററന്റിന്റെ അടുക്കള തയ്യാറാക്കിയത്. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടുക്കളയില്‍ ആവശ്യമായ ഫില്‍ട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉടമകള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല