1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2017

അലക്‌സ് വര്‍ഗീസ് (ബര്‍മിംങ്ഹാം): ആദ്യമായി സംഘടിപ്പിച്ച അയര്‍ക്കുന്നം മറ്റക്കര സംഗമം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ജോസ്. കെ. മാണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജെസ്വിന്‍ ജോസഫിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.എ.ജോസഫ് അദ്ധ്യക്ഷനായിരുന്നു. സംഗമം കണ്‍വീനറും യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയുമായ റോജിമോന്‍ വര്‍ഗ്ഗീസ്, അമയന്നൂര്‍ മെത്രാഞ്ചേരി സെന്റ്.തോമസ് പള്ളി വികാരി റവ.ഫാ.സോണി. വി. മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സംഗമത്തിന്റെ ലോഗോ തയ്യാറാക്കിയ റോജിമോന്‍ വര്‍ഗ്ഗീസിന് വേണ്ടി മകനായ അശ്വിന്‍ റോജി മോനെയും, തീം സോംഗ് രചിച്ച കണ്‍വീനര്‍ സി.എ. ജോസഫിനെയും, സംഗമത്തിന്റെ പ്രചാരണത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകമായി ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയ അജയ് ബോബി തുടങ്ങിയവരെയും സംഗമ വേദിയില്‍ വച്ച് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സംഗമത്തിന് വിശിഷ്ടാതിഥിയായ എം.പി.യെയും ഭാര്യയേയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

നേരത്തേ സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിച്ചേര്‍ന്ന ജോസ്.കെ.മാണി എം.പി.യെയും ഭാര്യ നിഷയെയും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഭാരവാഹികള്‍ സംഗമ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ യുകെയിലാണോ നാട്ടിലാണോ എന്ന സംശയത്തിലായിരുന്നു എം.പി യും ജനങ്ങളും…. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളുമായി സംഗമത്തിന്റെ പ്രവര്‍ത്തകര്‍ വേദിയില്‍ അണിനിരന്നു.സി.എ. ജോസഫ് രചിച്ച തീം സോംഗിന് സ്മിത തോട്ടത്തിന്റെ കോറിയോഗ്രാഫിയില്‍ റാണി ജോസഫിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അവതരണ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി. തുടര്‍ന്ന് അനുഗ്രഹീത ഗായകരായ ഫ്‌ളോറന്‍സ് ഫെലിക്‌സ്, ബേബി ആലീസ്, മോളി ടോം തുടങ്ങിയവരുടെ ഗാനങ്ങളും കവിതയുമായി ജോസ് ജിനോയും കാണികളുടെ മുന്നിലെത്തി. മിമിക്രിയുമായി എത്തിയ റോബിന്‍ ചക്കാലക്കല്‍ ഏവരുടേയും ശ്രദ്ധ പിടിച്ച് പറ്റി. ജോസ് ജിനോ വാക്കപ്പള്ളിയുടെ കവിതയും ഉണ്ടായിരുന്നു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി അവതരിപ്പിച്ച് ജോജി ജോസഫ്, റാണി ജോര്‍ജ് എന്നിവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലേക്ക് കാണികളെ കൊണ്ട് പോയി. ഗ്രൂപ്പ് ഡാന്‍സുകളുമായി ജോനാഥും ജോസ്‌നയും, ആന്‍സിയും ആഷ്‌ലിയും, കാണികള്‍ കരഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത്.

തങ്ങളുടെ ജനപ്രതിനിധിയോട് കുശലാന്വേഷണം നടത്താനും സെല്‍ഫി എടുക്കുവാനും എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. ബോബി ജോസഫ് , ജോസഫ് വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ സംഗമത്തിന്റെ നിയമാവലിയുടെ അടിസ്ഥാനത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോമോന്‍ ജേക്കബിന്റെ നന്ദി പ്രകാശനത്തോടെ സംഗമത്തിന് തിരശ്ശീല വീണു. ആദ്യ സംഗമം വന്‍ വിജയമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാരവാഹികള്‍. പങ്കെടുത്തവര്‍ക്കെല്ലാം പുത്തന്‍ അനുഭവം സമ്മാനിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്. ആദ്യമായി സ്വന്തം നാട്ടുകാരെ ഒരേ വേദിയില്‍ കാണുവാനും, സൗഹൃദങ്ങള്‍ പുതുക്കുവാനും സാധിച്ചതിന്റെ ആവേശത്തിലാണ് അംഗങ്ങള്‍. അടുത്ത വര്‍ഷം കൂടുതല്‍ ആവേശത്തോടെ സംഗമത്തില്‍ വച്ച് കൂടിക്കാണാം എന്ന് പരസ്പരം വാഗ്ദാനം ചെയ്ത് എല്ലാവരും സ്വഭവനങ്ങളിലേക്ക് സന്തോഷപൂര്‍വ്വം മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.