സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മൂല്യ വര്‍ദ്ധിത നികുതി കൂട്ടില്ലെന്ന് തെരേസാ മേയ്, താഴ്ന്ന വരുമാനക്കാരെ നോട്ടമിട്ട് ജെറമി കോര്‍ബിന്‍, ബ്രിട്ടനില്‍ തെരഞ്ഞെടുപ്പു പോരാട്ടം കൊഴുക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി തെരേസാ മേയ് എന്നാല്‍ മറ്റ് നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മേയുടെ വെളിപ്പെടുത്തല്‍
പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുത്ത ശേഷമേ 2015ല്‍ പ്രഖ്യാപിച്ചതുപോലെ സമ്പൂര്‍ണ ‘ടാക്‌സ് ലോക്ക്’ വാഗ്ദാനം ഉണ്ടാകുമോ എന്ന് പറയാനാകൂ എന്ന് പ്രധാനമന്ത്രി പറഞ്ഞത് മറ്റ് നികുതികള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 2020 വരെ ഒരു നികുതിയും വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണ്‍ നല്‍കിയ വാഗ്ദാനം.
അതേസമയം കുറഞ്ഞ വരുമാനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നിലവിലുള്ളതിനേക്കാള്‍ താഴ്ന്ന നിരക്കിലുള്ള നികുതി ഘടന ഏര്‍പ്പെടുത്തുമെന്നും വാറ്റില്‍ വര്‍ദ്ധനവ് വരുത്തില്ലെന്നും ലേബര്‍ പാര്‍ട്ടിയും പ്രഖ്യാപിച്ചു. മിനിമം വേതനം പത്ത് പൗണ്ടാക്കി ഉയര്‍ത്തുക. തൊഴില്‍ മേഖലയിലെ സീറോ അവര്‍ കരാറുകള്‍ റദ്ദാക്കുക, പൊതുമേഖലയിലെ ശമ്പള വര്‍ദ്ദനവിനുള്ള നീരോധനം നീക്കുക തുടങ്ങി താഴ്ന്ന വരുമാനക്കാരെ ഉന്നമിടുന്ന ഇരുപതിന കര്‍മ്മ പരിപാടികളും ലേബര്‍ പാര്‍ട്ടി പുറത്തിറക്കി.
നാല് പുതിയ ബാങ്കിംഗ് ദിവസങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ പണം എന്നീ വാഗ്ദാനങ്ങളും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയും തന്റെ പാര്‍ട്ടിയുടെ നികുതി നയം പ്രഖ്യാപിച്ചത്. മുഖ്യ പോരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബ്രെക്‌സിറ്റിനു ചുറ്റും കറങ്ങുകയാണ് ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല