സ്വന്തം ലേഖകന്‍: 13 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ വിവിധ വെബ്സൈറ്റുകള്‍ വഴി ചോര്‍ന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയുടെ രേഖയിലാണ് പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ രേഖകള്‍ ചോര്‍ന്നതായി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും വെബ്സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താന്‍ പാസ്വേഡില്ലാതെ വെബ്സൈറ്റില്‍ രേഖകള്‍ നല്‍കിയതാണ് പ്രശ്നമായതെന്ന് കരുതുന്നു. ആന്ധ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെയടക്കമുള്ള വിവിധ ക്ഷേമപദ്ധതികള്‍ക്ക് ഡിജിറ്റല്‍ സ്രോതസ്സുകളെ ആശ്രയിച്ചിരുന്നു. ആധാര്‍ നമ്പര്‍ നല്കിയാല് മുഴുവന്‍ വിവരങ്ങളും അപ്പോള്‍ തന്നെ ലഭിക്കുന്ന വിധത്തിലായിരുന്നു ഈ വെബ്സൈറ്റുകള്‍ സജ്ജീകരിച്ചിരുന്നത്.
ഇതിനായി യാതൊരു വിധ സുരക്ഷ ക്രമീകരണങ്ങളും നല്‍കിയിരുന്നില്ല. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളാണ് സംഭവത്തില്‍ പ്രതിസ്ഥാനത്ത് എത്തുക. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന ഏറ്റവും വലിയ സംഭവമായിരിക്കും ഇതെന്നാണ് സൂചന.
കേരളത്തിലെ സേവന പെന്ഷന് വെബ്സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായതു കഴിഞ്ഞ ദിവസമാണ്. 2016 ആധാര്‍ ആക്ട് അനുസരിച്ച് ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. സര്‍ക്കാര്‍ സൈറ്റുകള്‍ അശ്രദ്ധമായി വിവരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ വലിയ അളവിലുള്ള ഡേറ്റാബേസ് പുറത്തു പോയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നു സിഐഎസ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല