സ്വന്തം ലേഖകന്‍: ഗുജറാത്തിലെ ബിജെപി എംപി ഹണി ട്രാപ്പില്‍ കുടുങ്ങി, സ്ത്രീകളോടൊപ്പമുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളുമായി പാര്‍ലമെന്റ് അംഗങ്ങളെ കുടുക്കുന്ന സംഘമാണ് ഹണി ട്രാപ്പിനു പുറകിലെന്ന് സംശയം. ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലാണ് സഹായം തേടിയെത്തിയ ശേഷം ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
ചതിയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. അതേസമയം, എംപി തന്നെ മാനഭംഗപ്പെടുത്തിയതാണെന്ന് ആരോപിച്ച് എംപിയുടെ പരാതിയില്‍ പറയുന്ന യുവതിയും കോടതിയെ സമീപിച്ചു. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇത്തരമൊരു പരാതി ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായ കെ.സി. പട്ടേല്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. മുന്‍പും പലതവണ എംപി തന്നെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.
മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിനെന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഒടുവില്‍ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുവിട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യപ്പെടുത്തല്‍ പതിവായതോടെ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് നേരിട്ട് കോടതിയെ സമീപിച്ചത്.
ആരോപണങ്ങള്‍ നിഷേധിച്ച എംപിയുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ. എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്കി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നല്‍കുകയായിരുന്നുവെന്ന് എംപി പറയുന്നു.
കേസില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. എംപിയുടെ പരാതിയില്‍ പറയുന്ന സ്ത്രീ ഇത്തരം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിടുന്ന സംഘത്തിലെ അംഗമാണ് ഇവരെന്നും സൂചനയുണ്ട്. കെണിയില്‍ അകപ്പെടുത്താന്‍ സാധ്യത കൂടുതലുള്ള പാര്‍ലമെന്റ് അംഗങ്ങളെ നോട്ടമിടുന്ന സംഘം വാക്ചാതുരി കൊണ്ടാണ് ഇരകളെ വലയിലാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല