സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍. പശുക്കളെ സുരക്ഷിതമായി ഗോരക്ഷ ആശുപത്രിയില്‍ എത്തിക്കാനായി ആദ്യത്തെ ആംബുലന്‍സ് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്ളാഗ് ഓഫ് ചെയ്തു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
അസുഖം ബാധിച്ചതോ പരിക്കേറ്റതോ ആയ പശുക്കളെ ആംബുലന്‍സ് ഗോശാലകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കുകയാണ് ഈ ആംബുലന്‍സുകളുടെ ചുമതല. ഗോ സേവ ടോള്‍ ഫ്രീ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്. കേശവ് പ്രസാദ് മൗര്യയുടെ ഫേസ്ബുക്ക് പേജില്‍ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ലക്നൗ, ഗോരഖ്പൂര്‍, വാരാണസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മസ്ദൂര്‍ കല്യാണ്‍ സംഘാതന്‍ എന്ന സംഘടനയാണ് ആംബുലന്‍സ് സര്‍വീസിന് പിന്നില്‍.
പാല് ചുരത്തുന്നത് നിര്‍ത്തിയ പശുക്കളെ അവഗണിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനയുടെ പ്രസിഡന്റ് സഞ്ജയ് റായ് പറഞ്ഞു. തെരുവുകളില്‍ നിന്ന് പശുക്കള്‍ പ്ലാസ്റ്റിക്കും പോളിത്തീനും മറ്റും ഭക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സഞ്ജയ് റായ് പറഞ്ഞു. മദ്ധ്യപ്രദേശിലും ഒരു വ്യവസായിയുടെ പിന്തുണയോടെ പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ് തുടങ്ങാനിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല