സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, ഇന്ത്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് പാകിസ്താന്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതേസമയം തിരിച്ചടിയുടെ രൂപം എന്തായിരിക്കുമെന്ന ചോദ്യത്തിന് തിരിച്ചടി നടപ്പിലാക്കിയ ശേഷം അത് വ്യക്തമാകുമെന്നായിരുന്നു കരസേന മേധാവിയുടെ മറുപടി.
ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറി. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്. ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്താനെ അറിയിക്കുമെന്ന് ബാസിത് വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. പാക് വിദേശകാര്യ വക്താവ് നഫീസ് സഖരിയയാണ് ഇക്കാര്യം പറഞ്ഞത്. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സഖരിയ. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് സഖരിയ റേഡിയോ പാകിസ്താനോട് പറഞ്ഞു.
ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഐക്യരാഷ്ട്ര സഭയുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ല. യു.എന്‍ സൈനിക നിരീക്ഷകരുമായി ഇന്ത്യ സഹകരിച്ചിട്ടില്ലെന്നും സഖരിയ ആരോപിച്ചു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും അന്താരാഷ്ട്ര ശ്രദ്ധ മാറ്റുന്നതിനും ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും ഇന്ത്യ എക്കാലത്തും പാകിസ്താന്‍ കാര്‍ഡ് ഉപയോഗിക്കാറുണ്ടെന്നും സഖരിയ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല