ലണ്ടന്‍: യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ദീപ ജേക്കബ്ബിന് താന്‍ ഏറ്റെടുത്തിരിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്നു തെളിയിക്കുന്ന പ്രവര്‍ത്തന ശൈലിക്കാണ് യുക്മ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍ 30 ഞായറാഴ്ച ഒരു ദിവസം മാത്രം ലീഡ്സ്, ഹള്‍ , കോള്‍ചെസ്റ്റര്‍ എന്നിങ്ങനെ യു കെ യുടെ വിവിധ ഭാഗങ്ങളിലായി തന്റെ ടീമുമായി യാത്ര ചെയ്ത് സ്റ്റം സെല്‍ സാമ്പിളുകള്‍ ശേഖരിച്ചു ദാതാക്കളുടെ വിശദ വിവരങ്ങള്‍ ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെ നാഷണല്‍ ഡാറ്റാബേസില്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍ ദീപയും സംഘവും. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച, 21 വയസ്സുകാരനായ, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ, മലയാളി യുവാവിന് അനുയോജ്യമായ സ്റ്റം സെല്കണ്ടെത്തി രോഗചികിത്സക്ക് ഉപയോഗിക്കാനാണ് ഉപഹാര്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമ് ഇപ്പോള്‍ കര്‍മ്മനിരതരായിരിക്കുന്നത്. മൂന്നു വ്യത്യസ്ത പ്രോഗ്രാമുകള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്നായി 182 സാമ്പിളുകള്‍ ആണ് ഡോക്ടര്‍ ദീപയും സംഘവും ഇക്കഴിഞ്ഞ ഒരു ദിവസം ശേഖരിച്ചത്. ലുക്കേമിയ അല്ലെങ്കില്‍ ബ്ലഡ് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന മാരക രോഗത്തിന് പല വകഭേദങ്ങള്‍ ഉണ്ട്.
കീമോതെറാപ്പി അടക്കമുള്ള പലകടുത്ത ചികിത്സാരീതികളെയും അതിജീവിക്കുന്ന ലുക്കേമിയ രോഗങ്ങള്‍ക്ക് പലപ്പോഴും മജ്ജ മാറ്റിവക്കല്‍ അല്ലെങ്കില്‍ സ്റ്റം സെല്‍ മാറ്റിവക്കല്‍ എന്നറിയപ്പെടുന്ന ചികിത്സാ രീതി പൂര്‍ണ്ണമായും ഫലപ്രദമാകുന്നതായി കാണുന്നു. എന്നാല്‍ ഈ ചികിത്സാ രീതി ഫലപ്രദമാകണമെങ്കില്‍ രോഗിയുടെ ശാരീരികരക്തകോശ ഘടനകളോട് പൂര്‍ണ്ണമായും സാമ്യമുള്ള ഒരു മജ്ജ ( സ്റ്റം സെല്‍ )ദാതാവിനെ കണ്ടെത്തുക എന്നത് അനിവാര്യമാണ്. എന്നാല്‍ ഇപ്രകാരം പൂര്‍ണ്ണമായും യോജിക്കുന്ന തരത്തിലുള്ള ഒരു ദാതാവിനെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമാണ്. ലക്ഷക്കണക്കിന് ദാതാക്കളുടെ പേര് വിവരങ്ങള്‍ ലഭ്യമാണ് എങ്കിലും, പലപ്പോഴും രോഗിക്ക് പൂര്‍ണ്ണമായും യോജിച്ച സ്റ്റം സെല്‍ കണ്ടെത്തുവാന്‍ കഴിയണമെന്നില്ല. രോഗിയുടെ കുടുംബത്തില്‍ നിന്നുള്ളവരുടെയോ, ജന്മനാട്ടില് നിന്നുള്ളവരുടെയോ സ്റ്റം സെല്‍ രോഗിയുടേതുമായി താദാത്മ്യപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാലാണ് യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമ് യുകെയില്‍ ഉടനീളമുള്ള മലയാളികളും, ഇന്ത്യന്‍ വംശജരുമായവരുടെ സ്റ്റം സെല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും, ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെ ഡാറ്റാബേസില്‍ അവ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി ഡോക്ടര്‍ ദീപയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന മലയാളികള്‍ക്കും മറ്റു ഇന്ത്യന്‍ വംശജര്‍ക്കും ഭാവിയിലും ഉപകാരപ്പെടുന്ന ഒരു സംരംഭമാണിത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തന ഉദ്ഘാടന വേളയില്‍ നടന്ന പൊതുപരിപാടിയിലും യുക്മ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം നടത്തി. ഏപ്രില്‍ 30 നു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്, കലാകായികസാംസ്കാരിക പരിപാടികളെക്കാള്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളാണ് യുക്മ ഇപ്പോള്‍ ‘സാന്ത്വനം’, ‘റാപ്പിഡ് റെസ്പോണ്‍സ് ടീമ്’, ‘യുക്മ യൂത്ത്’, ‘യുക്മ നേഴ്സസ് ഫോറം’ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കി. കൂടുതല്‍ ജനകീയമായ ഇപ്രകാരമുള്ള പ്രവര്‍ത്തന പരിപാടികളില്‍ ആകൃഷ്ടരായി പുതിയ 15 മലയാളി സംഘടനകള്‍ കൂടി യുക്മയില്‍ അംഗത്വ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു
ഉത്തരവാദിത്തത്തോടെ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതാണ്. നമ്മുടെസമൂഹത്തിലെ ഒരു സഹജീവിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നമ്മുടെ ഒരു ചെറിയ ശ്രമത്തിനു കഴിഞ്ഞേക്കാം.
അതുകൊണ്ട്, യുക്മയുടെ പരിപാടികള്‍ മാത്രം എന്ന നിബന്ധനകള്‍ വെക്കാതെ, പള്ളികളിലോ, അമ്പലങ്ങളിലോ, മറ്റു ആരാധനാലയങ്ങളിലോ ഉള്ള പരിപാടികളിലും, കുടുംബ സംഗമങ്ങളിലും, ധ്യാന പരിപാടികള്‍
നടക്കുന്ന ഇടങ്ങളിലും, എന്തിനേറെ, പിറന്നാള്‍, ആദ്യകുര്‍ബാന തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പോലും സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തിനായി യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ക്ഷണിക്കാവുന്നതാണ്. കൂടാതെ, ചെറിയ പ്രോഗ്രാമുകളില്‍ വച്ച് സ്റ്റം സെല്‍ ശേഖരണം നടത്തി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പരിശീലനവും, സാമ്പിള്‍ ശേഖരണത്തിനുള്ള കിറ്റുകള്‍ എത്തിച്ചു നല്കുന്നതുമാണ്. യുക്മ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ യുകെ മലയാളികളും സഹകരിക്കണമെന്നും മാമ്മന്‍ ഫിലിപ് അഭ്യര്‍ദ്ധിച്ചു. കോള്‍ചെസ്റ്ററില്‍ നടന്ന സ്റ്റം സെല്‍ ദാതാക്കളുടെ സാമ്പിള്‍ ശേഖരണത്തില്‍ ഒരു പാക്കിസ്ഥാന് വംശജനും, മലയാളികളല്ലാത്ത രണ്ട് ഇന്ത്യന്‍ വംശജരും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അറിവ് വച്ച് പങ്കെടുത്ത് സാമ്പിള്‍ നല്കുകയുണ്ടായി.
നമ്മുടെ മലയാളി സംഘടനകളുടെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന മറ്റു ഏഷ്യന്‍ വംശജരുടെ സമ്മേളനങ്ങളിലും, പ്രോഗ്രാമുകളിലും ഈ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം എന്ന ജീവകാരുണ്യ പ്രവര്‍ത്തിയെ എത്തിക്കുവാന്‍ നാം ശ്രമിക്കണം എന്ന് ഇത് ഒരു ചാരിറ്റി പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഉപഹാര്‍ എന്ന സംഘടന ഓര്‍മ്മിപ്പിക്കുന്നു. 2013 ല്‍ ലണ്ടനില്‍ രോഗബാധിതനായിരുന്ന ഒരു മലയാളിക്ക് അനുയോജ്യമായ സ്റ്റം സെല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി, യുക്മ പ്രധാന അസോസിയേഷനുകളുടെ പരിപാടികളിലും, റീജിയണല്‍ നാഷണല്‍ പരിപാടികളിലും ഉപഹാറുമായി ചേര്‍ന്ന് സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം നടത്തിയിരുന്നു.ഇപ്പോള്‍ കര്‍മ്മനിരതരായ, പ്രൊഫഷണല്‍സിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമ് രൂപീകരിച്ച് യുക്മക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്, മുന്‍ പരിചയവും, ഉപഹാറിന്റെയും, ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെയും സഹകരണം കൊണ്ടാണ്.
ഡോക്ടര്‍ ബിജു പെരിങ്ങാത്തറയുടെയും, ഡോക്ടര്‍ ദീപയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ, മരണം, അപകടം, മറ്റു ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ അടിയന്തിര സഹായത്തിനായും, സ്റ്റം സെല്‍ ശേഖരണം പോലെയുള്ള ആവശ്യങ്ങള്‍ക്കായും ആര്‍ക്കും സമീപിക്കാവുന്നതാണ്.യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ബന്ധപ്പെടുവാന്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഔദ്യോഗിക തിരക്കുകള്‍ മൂലം ഫോണ്‍ വിളിക്കുമ്പോള്‍ തന്നെ മറുപടി പറയാന്‍ അവര്‍ക്കു കഴിയാതെ വന്നേക്കാം എന്നത് കൊണ്ട്, മെസ്സേജ് ഇടുവാന്‍ കഴിയുമെങ്കില്‍ അതിനു ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍ നമ്പര്‍
ഡോക്ടര്‍ ദീപ 07792763067
ഡോക്ടര്‍ ബിജു 07904785565
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല