സ്വന്തം ലേഖകന്‍: അമേരിക്കയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു, കൊല നടത്തിയത് മകളുടെ മുന്‍ കാമുകന്. സിലിക്കന്‍ വാലിയില്‍ എന്‍ജിനീയര്‍ ആയ നരേന് പ്രഭുവും ഭാര്യയുമാണ് സാന്‍ ജോസിലെ വീട്ടില്‍ വെടിയേറ്റു മരിച്ചത് ഇവരുടെ മകളുടെ മുന്‍ കാമുകനായ മിര്‍സ ടാറ്റ്ലിക് എന്ന യുവാവാണ് വെടിയുതിര്‍ത്തത്. ദമ്പതികള്‍ക്ക് ഈ മകള്‍ അടക്കം മൂന്നു മക്കളുണ്ട്.
കൊലപാതകം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ 20 വയസ്സുള്ള മകനാണ് കൊലപാതകിയെ കുറിച്ചുള്ള സൂചന നല്‍കിയത്. പോലീസ് എത്തുമ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം വീടിന്റെ മുന്‍ വാതിലിനു സമീപവും ഭാര്യയുടെ മൃതദേഹം വീടിനുള്ളിലും കിടക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം 13 വയസ്സുള്ള സഹോദരനും മിര്‍സും വീട്ടിലുണ്ടായിരുന്ന കാര്യം മൂത്ത മകനാണ് പോലീസിനെ അറിയിച്ചത്.
ദമ്പതികളുടെ മകളുമായി മിര്‍സയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവര്‍ 2016 ല്‍ പിരിയുകയും മകളുടെ പരാതിയെ തുടര്‍ന്ന് മിര്‍സയ്ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ മിര്‍സ ഇവരുടെ ഇളയമകനെ വെറുതെ വിട്ടുവെന്നും സാന്‍ജോസ് പോലീസ് ചീഫ് എഡ്ഡി ഗ്രാഷ്യ അറിയിച്ചു. പ്രതി ഒളിവിലാണ്.
കൊലപാതകത്തിനു പിന്നില്‍ വംശീയതയില്ലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു മലയാളി ഡോക്ടറും അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അമേരിക്കയില്‍ അടുത്തകാലത്ത് ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് ഇന്ത്യക്കാരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല