സ്വന്തം ലേഖകന്‍: ബോയിംഗിനും എയര്‍ബസിനും വെല്ലുവിളിയുമായി സ്വന്തം ജെറ്റ് വിമാനം പറത്തി ചൈന. സി 919 ജെറ്റ് വിമാനമാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വിജയകരമായി പറന്നിറങ്ങിയത്. ചൈനയുടെ വ്യോമയാന രംഗത്തെ നാഴികക്കല്ലായ ലാന്‍ഡിംഗ് കാണാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയും എത്തിയിരുന്നു. വെള്ള,നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്പന.
80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് 168 യാത്രക്കാര്‍ക്ക് കയറാവുന്ന ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് ഓറഞ്ച് സ്യൂട്ട് അണിഞ്ഞ് പുറത്തേക്കെത്തിയ അഞ്ച് പൈലറ്റുമാരേയും എഞ്ചിനീയര്‍മാരേയും കരഘോഷത്തോടെ ജനം എതിരേറ്റു. ചൈനയുടെ ജെറ്റ് യാത്രാവിമാന വ്യവസായത്തില്‍ നാഴികക്കല്ലും വഴിത്തിരിവുമാണ് ഈ പറക്കലെന്ന ചൈനീസ് മന്ത്രിസഭയുടെ സന്ദേശവും വായിച്ചു.
മരുന്നുകള്‍ മുതല്‍ റോബോട്ടുകള്‍ വരെ നീളുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതിയിലെ സുപ്രധാന നിര്‍മ്മിതിയാണ് ഈ ജെറ്റ്. 2014 മുതല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് തവണ സി919 ന്റെ പരീക്ഷണ പറക്കല്‍ മാറ്റിവെച്ചിരുന്നു. കന്നി യാത്രയില്‍ മണിക്കൂറില്‍ 290 300 കിലോമീറ്റര്‍ വേഗതയില്‍ വിമാനം പറന്നു.
കോമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്പറേഷന് ഓഫ് ചൈനയാണ്(കോമാക്) സി919 ജെറ്റ് നിര്‍മ്മിച്ചത്. തദ്ദേശീയമായി നിര്‍മ്മിച്ചെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ വിദേശ കമ്പനികളായ ജെനറല്‍ ഇലക് ട്രിക്, ഫ്രാന്‍സിലെ സാഫ്രാന്‍, ഹണിവെല്‍ ഇന്റര്‍നാഷണല്‍, യുണൈറ്റഡ് ടെക് നോളജീസ് എന്നിവരില്‍ നിന്നാണ് വാങ്ങിയത്. ഇതിനോടകം 570 വിമാനങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചതായി കോമാക് അറിയിച്ചു.
നിലവില്‍ ബോയിങ്ങില്‍ നിന്നും എര്ബസില് നിന്നുമാണ് ചൈന കൂടുതല്‍ വിമാനങ്ങളും വാങ്ങുന്നത്. ഇതിനായി 6800 വിമാനങ്ങള്‍ക്ക് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ട്രില്യണ്‍ ഡോളര്‍ ചിലവഴിക്കേണ്ടി വരുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. 2024 ലോടെ ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണി എന്ന സ്ഥാനം അമേരിക്കയില്‍ നിന്ന് ചൈന സ്വന്തമാക്കുമെന്നും ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല