സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രി കപില്‍ മിശ്ര, ആം ആദ്മി പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് കെജ്രിവാള് രണ്ടു കോടി രൂപ കൈപ്പറ്റുന്നതിനു ദൃക്സാക്ഷിയാണെന്നു മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പിയും കോണ്‍ഗ്രസും കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ഡല്‍ഹി ജലവിഭവമന്ത്രിയായിരുന്ന കപില്‍ മിശ്രയെ ശനിയാഴ്ചയാണു കെജ്രിവാള് പുറത്താക്കിയത്. തുടര്‍ന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. കൈക്കൂലിയുടെ തെളിവുകള്‍ ലഫ്. ഗവര്‍ണര്‍ക്കു കൈമാറിയതായി കപില്‍ മിശ്ര വെളിപ്പെടുത്തി.
മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങായെന്ന് ആരോപിച്ച കപില്‍ മിശ്ര, യാതൊരു സി.ബി.ഐ. അന്വേഷണവും നേരിടാത്ത ഡല്‍ഹിയിലെ ഏക മന്ത്രി താനായിരുന്നെന്നും ചൂണ്ടിക്കാട്ടി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്തു ടാങ്കറില്‍ ജലവിതരണം നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് താന്‍ മന്ത്രിയായതിനു പിന്നാലെ കെജ്രിവാളിനു നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടിന് എന്താണു സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘എ.എ.പി. നേതാവും ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയ്നില്‍ നിന്ന് കെജ്രിവാള് പണം വാങ്ങുന്നതു നേരിട്ടു കണ്ടിരുന്നു. ഇത് എവിടെ നിന്നാണെന്നു ചോദിച്ചപ്പോള്‍ ‘രാഷ്ട്രീയത്തില്‍ പലതും നടക്കും’ എന്നായിരുന്നു മറുപടി. കെജ്രിവാളിന്റെ ബന്ധുവിന്റെ പേരില്‍ 50 കോടി രൂപ മൂല്യമുള്ള ഭൂമിയിടപാട് സത്യേന്ദ്ര ജയിന് മുഖേന നടത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് ഏത് അന്വേഷണ ഏജന്‍സിക്കും തെളിവുനല്കാന് തയാറാണ്,’ കപില്‍ മിശ്ര വെളിപ്പെടുത്തുന്നു.
ഡല്‍ഹിയിലെ പ്രമുഖ ബി.ജെ.പി. നേതാവ് അനുപമ മിശ്രയുടെ മകനും കെജ്രിവാളിനോട് കലാപക്കൊടി ഉയര്‍ത്തിയ കുമാര്‍ വിശ്വാസിന്റെ അടുപ്പക്കാരനുമാണ് കപില്‍. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരുമെന്നുള്ള പ്രചാരണം കപില്‍ നിഷേധിച്ചു. അടുത്തിടെ കുമാര്‍ ബിശ്വാസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിക്കു പിന്നാലെയാണ് പുതിയ സംഭവ വികാസം.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയവും നേതാക്കള്‍ കെജ്രിവാളിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്നതും ആം ആദ്മി പാര്‍ട്ടിയുടെ അടിത്തറ ഇളകിത്തുടങ്ങുന്നതിന്റെ ലക്ഷണമാണെന്ന് വിമര്‍ശകര്‍ ഇതിനകം തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗവും കരുതുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല