സ്വന്തം ലേഖകന്‍: സൗദിയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ ഇന്ത്യ നിരക്കില്‍ ഇളവും മറ്റു സഹായങ്ങളുമെന്ന് സുഷമ സ്വരാജ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ആവശ്യമായ എല്ലാ സഹായവും നല്കാന് ന് ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയെ അറിയിച്ചു.
മാര്‍ച്ച് 29ന് നിലവില്‍ വന്ന 90 ദിവസത്തെ പൊതുമാപ്പില്‍ ഇഖാമ ഇല്ലാതെ സൗദിയില്‍ തങ്ങുന്നവര്‍ക്കും, ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാം. ഇത്തരത്തില്‍ തിരിച്ചു വരുന്നവര്‍ക്ക് ഭാവിയില്‍ മതിയായ രേഖകളോടെ സൗദിയില്‍ മടങ്ങിയെത്തുന്നതിനും വിലക്കുണ്ടാവില്ല. താമസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് എക്സിറ്റ് വിസ ഇല്ലാതെ തന്നെ നാട്ടിലേക്ക് മടങ്ങാം.
നാട്ടിലേക്ക് മടങ്ങുന്നതിന് ഏപ്രില്‍ 25 വരെ 18120 അപേക്ഷ ലഭിച്ചതില്‍ 17622 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജിദ്ദയും റിയാദും കൂടാതെ 21 കേന്ദ്രങ്ങളില്‍കൂടി ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പില്‍ മടങ്ങുന്നവര്‍ക്ക് എയര്‍ ഇന്ത്യ നിരക്കിളവു പ്രഖ്യാപിച്ചിട്ടുണ്ട്.മടങ്ങിവരുന്നവര്‍ക്ക് പുനരധിവാസ നടപടികള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സഹായിക്കാന്‍ തയാറാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല