സ്വന്തം ലേഖകന്‍: യുകെയിലേക്ക് കിഴക്കന്‍ യൂറോപ്പില്‍ നിന്ന് യുവതികളെ വില്‍പ്പനക്കായി കടത്തുന്നത് വ്യാപകമാകുന്നു, ആവശ്യക്കാര്‍ അധികവും പാക് വംശജരായ അനധികൃത കുടിയേറ്റക്കാര്‍, ലക്ഷ്യം വിവാഹ തട്ടിപ്പിലൂടെ റസിഡന്റ് വിസ സമ്പാദിക്കല്‍. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജോലിയും ശമ്പളവും വാഗ്ദാനം നല്‍കിയാണ് മനുഷ്യക്കടത്തുകാര്‍ യുവതികളെ വലയിലാക്കുന്നത്.
ബിബിസിയുടെ ഹ്യൂമന്‍ ഫോര്‍ സെയില്‍ എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ ചൂഷണ പരമ്പര പുറത്തായത്.ഗ്ലാസ്ഗോയാണ് ഇത്തരം സംഘങ്ങളുടെ ഒരു പ്രധാന കേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഇവിടേക്ക് കടത്തുന്ന മിക്ക സ്ത്രീകളെയും തട്ടിപ്പ് വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും പാക്കിസ്ഥാന്, ഇന്ത്യന്‍ പൗരത്വമുള്ള പുരുഷന്മാരുമായിട്ടായിരിക്കും ഇവരെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത്.
ഇതിലൂടെ യുകെയില്‍ റെസിഡന്‍സിക്ക് അപേക്ഷിക്കുകയാണീ ഇവരുടെ ലക്ഷ്യം. ഇത്തരം സ്ത്രീകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരായതിനാല്‍ ഇവരിലൂടെ യുകെയിലെ റെസിഡന്‍സി എളുപ്പത്തില്‍ സ്വന്തമാക്കാം എന്നതിനാലാണിത്. റൊമാനിയ, സ്ലോവാക്യ പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് ഇത്തരത്തില്‍ യുകെയിലേക്ക് കടത്തുന്നതെന്ന് യൂറോപോളിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് നടത്തുന്ന ഏന്‍ജലിക്ക മോല്‍നര്‍ പറയുന്നു.
സ്കോട്ട്ലന്‍ഡില്‍ നല്ല ശമ്പളമുള്ള ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇവരെ ഇവിടേക്ക് എത്തിക്കുന്നത്. എത്തിക്കഴിഞ്ഞാല്‍ ജോലിയൊന്നും ശരിയായില്ലെന്നും പാക്കിസ്ഥാന് പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വരുമെന്നും എന്നാല്‍ മാത്രമേ പിടിച്ച് നില്ക്കാന് സാധിക്കുകയുള്ളുവെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയാണ് തന്ത്രമെന്നും മോല്‍നര്‍ പറയുന്നു. വിവാഹ തട്ടിപ്പിനു പുറമേ ലൈംഗിക തൊഴിലിനും ഇവരെ ഉപയോഗിക്കുന്നുണ്ട്.
ഗ്ലാസ്കോയിലെ ഏഷ്യന്‍ മാഫിയാ സംഘങ്ങളും കിഴക്കന്‍ യൂറോപ്പിലെ മാഫിയാ സംഘങ്ങളും ഒത്തു ചേര്‍ന്നാണ് ഈ ചൂഷണം നടത്തുന്നതെന്ന് ചാരിറ്റി മൈഗ്രന്റ് ഹെല്‍പിലെ ജിം ലയിര്ഡ് വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല