സ്വന്തം ലേഖകന്‍: വെറും ചുണ്ടനക്കല്‍ മാത്രം, പാട്ടു പാടാതെ ജസ്റ്റിന്‍ ബീബര്‍ പറ്റിച്ചതായി ആരാധകര്‍, ബീബറിന്റെ മുംബൈ കണ്‍സര്‍ട്ട് വിവാദമാകുന്നു. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ് വന്ന ബീബര്‍ നാല് പാട്ടുകള്‍ മാത്രമാണ് യഥാര്‍ത്ഥമായി പാടിയതെന്നും ബാക്കി പാട്ടുകളില്‍ ചുണ്ടനക്കി ആരാധകരെ വഞ്ചിക്കുകയായിരുന്നെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
രണ്ട് മണിക്കൂറാണ് ബീബര്‍ പരിപാടി നടത്തിയത്. ഇതിനായി 75,000 രൂപ വരെ ടിക്കറ്റിന് മുടക്കി പരിപാടി കാണാന്‍ എത്തിയ ആരാധകരുണ്ട്. ബീബറിന്റെ നടപടിയില്‍ ഇവരെല്ലാം നിരാശരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലായിരുന്നു ബീബറിന്റെ സംഗീതനിശ. ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് തുടങ്ങിയ പാട്ടുകളാണ് ബീബര്‍ പാടിയത്.
എന്നാല്‍ ബീബര്‍ പാടിയ പാട്ടുകള്‍ക്കൊന്നും തന്നെ പ്രതീക്ഷിച്ച ഊര്‍ജവും ഉണ്ടായില്ല എന്ന പരാതിയും വ്യാപകമാണ്. തങ്ങളുടെ ഫോണില്‍ പാട്ട് കേല്‍ക്കുന്നത് പോലുള്ള അനുഭവം ആയിരുന്നുവെന്നും നടന്നത് ലൈവല്ലെന്നും കടുത്ത ബീബര്‍ ആരാധകര്‍ തന്നെ പറയുന്നു. വൈറ്റ് ഫോക്‌സ് എന്ന കമ്പനിയാണ് ബീബറിന്റെ ഇന്ത്യയിലെ പരിപാടിയുടെ സംഘാടകര്‍. 500015000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ ബ്ലാക്ക് ടിക്കറ്റിന് 76,000 രൂപ വരെയാണ് ചിലര്‍ നല്‍കിയത്.
ഫെബ്രുവരി മുതല്‍ ബീബറിന്റെ വരവിനായി കാത്തിരിക്കുകയായിരുന്ന തന്നെ ഞെട്ടിക്കുന്നതായിരുന്നു സംഗീത പരിപാടിയെന്ന് അമിത് സര്‍ക്കാര്‍ എന്ന ബീബര്‍ ആരാധകന്‍ വീഡിയോ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീബര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബീബര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാജ്യം വിട്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല