സ്വന്തം ലേഖകന്‍: റാംബോ ആരോയും റോക്കറ്റും, സ്വയം നിര്‍മ്മിത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ സിആര്‍പിഎഫിന്റെ ഉറക്കം കെടുത്തുന്നു. മാവോയിസ്റ്റുകള്‍ സ്വയം വികസിപ്പിച്ച അഞ്ചു തരം ആയുധങ്ങളാണ് കഴിഞ്ഞയാഴ്ച സേന കണ്ടെടുത്തത്. കാഴ്ചയില്‍ അമ്പിനോട് സാദൃശ്യമുള്ള പൊട്ടിത്തെറിക്കുന്ന ആയുധമായ റാംബോ ആരമ്യും ഇതില്‍പ്പെടും.
‘റാംബോ’ എന്ന സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്ന അതേ പകര്‍പ്പാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വില്ലില്‍ നിന്നും അമ്പു തൊടുക്കുന്നതു പോലെയാണ് ഇതിന്റെ പ്രയോഗം. 100 ഗ്രാം സ്‌ഫോടക വസ്തുക്കളാണ് റാംബോ ആരോയുടെ അഗ്ര ഭാഗത്ത് നിറച്ചിരിക്കുന്നത്. 25 മീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ തറച്ചിരുന്ന് പൊട്ടിത്തെറിക്കാന്‍ ഇവയ്ക്ക് കഴിയും.
മുളങ്കമ്പുകളുടെ അഗ്രഭാഗത്താണ് സ്‌ഫോടക മുന ഘടിപ്പിക്കുന്നത്. അഗ്രഭാഗത്ത് വെടിമരുന്ന് അലുമിനിയം പാളിയില്‍ പൊതിയും ഏറ്റവും അറ്റത്ത് ട്രിഗര്‍. ട്രിഗര്‍ അമരുമ്പോഴാണ് സ്‌ഫോടനം നടക്കുക. സ്‌ഫോടന സ്ഥലത്ത് ഉണ്ടാകുന്ന പുകമറയും അപകടകാരിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നൂറു മീറ്റര്‍ അപ്പുറത്തേയ്ക്ക് തൊടുക്കാന്‍ കഴിയന്ന തരത്തിലുള്ള റോക്കറ്റുകളുടെ രൂപത്തിലുള്ള ‘ദേസി മോര്‍ട്ടാ’ണ് മറ്റൊന്ന്.
സ്റ്റീല്‍ പൈപ്പാണ് പ്രധാന ഭാഗം. സ്റ്റീല്‍ പൈപ്പിന്റെ അഗ്രത്തില്‍ കൂടുതല്‍ വലിപ്പമുള്ള സ്റ്റീല്‍ പൈപ്പും അതിന്റെ അഗ്രത്തില്‍ മുനയും ഘടിപ്പിക്കും. അവിടെ അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ 400 ഗ്രാം വരെ നിറയ്ക്കും. മുന്നോട്ടുള്ള കുതിപ്പിനായി ചുവടെയുള്ള സ്റ്റീല്‍ പൈപ്പില്‍ വെടിമരുന്ന് നിറയ്ക്കും. മുന്നൂറ് മീറ്റര്‍ വരെ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യത്തില്‍ എത്തുന്ന ദേസി റോക്കറ്റുകളാണ് ഏറ്റവും അപകടകാരിയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല