1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: മാംസാഹാരം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ തൊട്ടുകളിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി, യുപിയിലെ അറവുശാല നിരോധനത്തില്‍ യോഗി ആദിത്യനാഥിന് തിരിച്ചടി. സംസ്ഥാനത്ത് പുതിയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നും യോഗി ആദിത്യ നാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി. പഴയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടുകയാണ്. സംസ്ഥാനത്ത് വ്യാപകമായി അറവുശാലകളും മാംസ വില്‍പന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു.നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും പൂട്ടുവീഴുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ജസ്റ്റീസുമാരായ എ പി ഷാഹി, സഞ്ജയ് ഹര്‍ക്കോലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.

പശുക്കടത്ത് തടയാനാണ് അനധികൃത അറവുശാലകള്‍ പൂട്ടുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. സര്‍ക്കാറിന്റെ നടപടിയ്‌ക്കെതിരെ ഇറച്ചി വ്യാപാരം നടത്തുന്നവര്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിഷയം കോടതിയുടെ മുമ്പിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.