സ്വന്തം ലേഖകന്‍: റാന്‍സംവെയറിന്റെ സൈബര്‍ ആക്രമണത്തില്‍ വിറച്ച് ലോകം, ആന്ധ്രാ പോലീസിന്റെ കമ്പ്യൂട്ടറുകളും ആക്രമണത്തിന് ഇരയായി. 99 രാജ്യങ്ങളിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുള്ളത്. ആക്രമണം നടത്തിയശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയറിന്റെ രീതി. 19,000 മുതല്‍ 39,000 രൂപ വരെ ബിറ്റകോയിനായി നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.
ആന്റി വൈറസ് നിര്‍മ്മാതാക്കളായ ക്യാസ്‌പെര്‍സ്‌ക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇന്ത്യ ഉള്‍പ്പെടെ 74 രാജ്യങ്ങളിലെ കമ്പ്യുട്ടര്‍ സംവിധാനമാണ് ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടത്. ലോകത്തുടനീളമായി ഏകദേശം 45,000 തവണയോളം സൈബര്‍ ആക്രമണം നടക്കുകയും ചെയ്തു. അതേസമയം ഇത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നുമാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. ആന്ധ്രാപ്രദേശ് പോലീസിന്റെ നൂറോളം കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചുവെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി ഇന്‍) ഇക്കാര്യം സ്ഥിരികരിച്ചു.റഷ്യയിലെ ബാങ്കുകളെയും ബ്രിട്ടനിലെ ആശുപത്രികളെയും വൈറസ് ബാധിച്ചിരുന്നു.
യുകെയില്‍ 16 ദേശീയ ഹെല്‍ത്ത് സര്‍വീസ് ട്രസ്റ്റുകള്‍, ആശുപത്രികള്‍ എന്നിവയെ ദോഷകരമായി ബാധിക്കുകയും രോഗികളുടെ റെക്കോഡ്‌സ് പോലും എടുക്കാന്‍ കഴിയാതാകുകയും ചെയ്തു. ഇമെയിലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം തുടങ്ങിയത്. ആക്രമണത്തെ തുടര്‍ന്ന്
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയ്ക്ക് കാര്‍ നിര്‍മ്മാണം താതകാലികമായി നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു.
വിന്‍ഡോസ് എക്‌സ് പി വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ റഷ്യയെയും ഇന്ത്യയെയും സൈബര്‍ ആക്രമണം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച വിവിധ ഓഫീസുകള്‍ തുറന്ന കമ്പ്യൂട്ടറുകളില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ എന്‍എസ്എ ടൂളായ എറ്റേണല്‍ ബ്‌ളൂ സംവിധാനം മോഷ്ടിച്ചായിരുന്നു ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്‍എസ്എ ടൂളായ എറ്റേണല്‍ ബ്‌ളൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു എന്നും ഇതായിരിക്കാം ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്നും കരുതുന്നു. സുരക്ഷാ സംവിധാനം, കമ്പ്യുട്ടര്‍ സിസ്റ്റം എന്നിവയുടെ അപ്‌ഡേറ്റുകളുടെ രൂപത്തിലും ഡൗണ്‍ലോഡിംഗ് ഫയലുകളുടെ ഒപ്പവുമാണ് റാന്‍സം കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുക.
പിന്നീട് ഈ ഫയലുകള്‍ ഉപഭോക്താവിന് ഉപയോഗിക്കാനാകില്ല. കമ്പ്യൂട്ടര്‍ മൊത്തം ലോക്ക് ചെയ്യുക, ലോഗിന്‍ സമയത്ത പണമടയ്ക്കാന്‍ സന്ദേശം അയയ്ക്കുക, ക്‌ളോസ് ചെയ്യാന്‍ കഴിയാത്ത പോപ്പപ്പുകള്‍ പ്രത്യക്ഷപ്പെട്ട ഉപയോഗ ശൂന്യമാക്കുക എന്നിങ്ങിനെ മൂന്ന് തരത്തിലാണ് വണ്ണാക്രൈ ആക്രമണം. അതിവേഗം കമ്പ്യൂട്ടറുകളിലേക്ക് പടര്‍ന്നു കയറുന്ന രീതിയില്‍ തയ്യാറാക്കിയതാണ് വണ്ണാക്രൈ എന്നു പേരുള്ള വണാക്രിപ്റ്റര്‍ 2.0 റാന്‍സം പ്രോഗ്രാം എന്നും വിദഗദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല