സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ എമ്മാനുവല്‍ മക്രോണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ആദ്യ വിദേശയാത്ര ജര്‍മനിയിലേക്ക്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനു ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് 39കാരനായ എമ്മാനുവല്‍ മാക്രോണ്‍. എലീസി കൊട്ടാരത്തില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങിനു മുന്പ് സ്ഥാനമൊഴിയുന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി മാക്രോണ്‍ രഹസ്യ ചര്‍ച്ച നടത്തി.
ആണവ കോഡ് ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നാണ് സൂചന. അധികാരമേറ്റയുടന്‍ ആണവ കോഡുകള്‍ മാക്രോണിനു ലഭിച്ചു. അധികാര കൈമാറ്റത്തിനു ശേഷം 21 ആചാരവെടികള്‍ മുഴങ്ങിയതോടെ പാരീസിലും ഇതര നഗരങ്ങളിലും ആഘോഷപരിപാടികള്‍ക്കു തുടക്കമായി. ഫ്രഞ്ച് സമൂഹത്തിലെ ധ്രുവീകരണവും ഭിന്നതയും അവസാനിപ്പിക്കുമെന്ന് മാക്രോണ്‍ ഉറപ്പു നല്‍കി.
കുടിയേറ്റ വിരുദ്ധ, യൂറോ വിരുദ്ധ തീവ്ര വലതുപക്ഷക്കാരി മരീന്‍ ലെപെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോണ്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണവേളയിലെ ചെളിവാരിയെറിയലും വ്യക്തിഹത്യയും സമൂഹത്തെ രണ്ടു തട്ടുകളിലാക്കി. പുതിയ പ്രധാനമന്ത്രിയെ മാക്രോണ്‍ ഇന്നു പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു. പ്രധാനമന്ത്രിയെ നിശ്ചയിച്ചു കഴിഞ്ഞെന്നും പേരു പിന്നീടേ വെളിപ്പെടുത്തുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അധികാരമേറ്റയുടന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ചര്‍ച്ച നടത്താനായി മാക്രോണ്‍ ബെര്‍ലിനിലേക്കു തിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിച്ച റിപ്പബ്ലിക്ക് ഓണ്‍ ദി മൂവ്(ആര്‍ഇഎം) പാര്‍ട്ടിക്കു ഭൂരിപക്ഷം നേടുകയെന്നതാണ് മാക്രോണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തടസങ്ങള്‍ ഒന്നുമില്ലാതെ സാമ്പതിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകാന്‍ മക്രോണിനും പാര്‍ട്ടിക്കും ഇത് അത്യാവശ്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല