സ്വന്തം ലേഖകന്‍: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ അമേരിക്കയിലെ ബാങ്കില്‍ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ച വാഷിങ്ടണിലുള്ള സൗണ്ട് ക്രെഡിറ്റ് യൂനിയന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നായിരുന്നു അധികൃതരുടെ ന്യായം. നിയമം എല്ലാവര്‍ക്കും കാണാന്‍ കഴിയുംവിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ബാങ്ക്‌നിയമങ്ങള്‍ പാലിക്കാന്‍ താന്‍ തയാറാണ്. പക്ഷേ, ബാങ്കില്‍ തൊപ്പി ധരിച്ചുവന്ന മറ്റൊരാള്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ സേവനങ്ങള്‍ നല്‍കിയപ്പോഴാണ് തന്നെ പുറത്താക്കിയതെന്നാണ് ജമീലയുടെ വാദം.
വെള്ളിയാഴ്ച ആയതുകൊണ്ട് പ്രാര്‍ത്ഥനയുടെ ഭാഗമായാണ് താന്‍ ഹിജാബ് ധരിച്ചതെന്നാണ് ജമീല പറയുന്നത്. മാത്രമല്ല താന്‍ മുഖം മറച്ചിരുന്നില്ലെന്നും തല മാത്രമാണ് മറച്ചതെന്നും ബാങ്കില്‍ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും ജമീല ഫേസ് ബുക്കില്‍ കുറിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജമീല യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ബാങ്ക് സൂപ്പര്‍വൈസര്‍ തന്നോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടത്. കാര്‍ ലോണ്‍ തിരിച്ചയ്ക്കുന്നതിന്റെ ഭാഗമായാണ് താന്‍ എത്തിയത്. എന്നാല്‍ അപമാനിക്കപ്പെടുന്ന അവസ്ഥയാണ് തനിക്ക് നേരിടേണ്ടി വന്നത്. തന്നെ പോലെ മറ്റൊരാള്‍ക്ക് ഇനി ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവരുതെന്ന് പറഞ്ഞുകൊണ്ടാണ് ജമേലയുടെ വീഡിയോ.
എന്നാല്‍ വീഡിയോ വൈറലാകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ക്ഷമാപണവുമായി സൗണ്ട് ക്രെഡിറ്റ് ബാങ്ക് അധികൃതരും രംഗത്തെത്തി. ഇത്തരത്തിലൊരു സംഭവം ഇനി ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ബാങ്ക് അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല