സ്വന്തം ലേഖകന്‍: അന്റാര്‍ട്ടിക്കയിലെ രക്തം ഒലിക്കുന്ന വെള്ളച്ചാട്ടത്തിന്റെ രഹസ്യം ഒടുവില്‍ പുറത്തായി. 54 കിലോമീറ്ററോളം നീളത്തില്‍ പരന്നു കിടക്കുന്ന അന്റാര്‍ട്ടിക്കയിലെ ടെയ്ലര് ഹിമാനി പ്രദേശത്തിലെ ‘രക്തം’ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം 1911 മുതല്‍ ഗവേഷകര്‍ക്ക് പിടികൊടുക്കാതെ നില്‍ക്കുകയായിരുന്നു. ബ്ലഡ് ഫാള്‍സ് എന്നായിരുന്നു ഗവേഷകര്‍ വെള്ളച്ചാട്ടത്തിന് നല്കിയ പേര്.
മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ചുവപ്പന്‍ പ്രതിഭാസത്തിനു പിന്നിലെന്നായിരുന്നു ഈ രക്തച്ചൊരിച്ചിലിന്റെ രഹസ്യമെന്ന് കരുതിയിരുന്നത്. എന്നാല്‍ ആല്‍ഗെകള്‍ എവിടെ നിന്ന് എത്തിയെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയര്‍ബാങ്ക്സിലെ ഗവേഷകര്‍ രക്തം ഓലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ്.
ഇരുമ്പും ഉപ്പുവെള്ളവും ചേര്‍ന്നുള്ള രാസപ്രക്രീയയാണ് ഈ ചുവപ്പന്‍ പ്രതിഭാസത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെയ്ലര് ഹിമാനിയില്‍ നടക്കുന്നതും ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ്. 15 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള ടെയ്ലര് ഹിമാനിയുടെ രൂപീകരണ സമയത്ത് കിലോമീറ്റര്‍ കകണക്കിന് ദൂരത്തേക്ക് മഞ്ഞ് പരന്നിരുന്നു. മഞ്ഞ് പടര്ന്നപ്പേള് അത് ഒരു ഉപ്പുവെള്ള തടാകത്തെയും കടന്നു പോവുകയായിരുന്നു.
മഞ്ഞിന്‍പാളികള്‍ക്കു കീഴിലായ ഉപ്പ് വെള്ള തടാകത്തിലെ വെള്ളം കൂടുതല്‍ കുറുകിയപ്പോള്‍ ഭൂമിയുടെ അടിത്തട്ടില്‍ നിന്നും ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്ന പ്രക്രീയയും നടന്നു. വന്‍തോതില്‍ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്സിജനുമായി ചേര്‍ന്ന് ചുവപ്പ് നിറമാവുകയായിരുന്നു. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ടെയ്ലര് ഹിമാനിക്കു താഴെ മാത്രമല്ല അന്റാര്‍ട്ടിക്കയില്‍ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല