സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം, വൈറസിനെ പിടിച്ചുകെട്ടിയതായി സുരക്ഷാ ഏജന്‍സികള്‍, ആശങ്ക തുടരുന്നു. വൈറസ് ആക്രമണത്തിന്റെ ശക്തി കുറഞ്ഞതായി യൂറോപ്യന്‍ യൂണിയന്റെ പോലീസ് ഏജന്‍സി യൂറോപോള്‍ അറിയിച്ചു. ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന പണം നല്കരുതെന്നു വിവിധ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ക്കസ് ഹച്ചിന്‍സ് എന്ന 22 കാരനാണ് വൈറസിന്റെ പ്രോഗ്രാമിംഗിലെ ഒരു പിഴവ് കണ്ടുപിടിച്ചതലൂടെ ശ്രദ്ധേയനായത്. അതിനിടെ വൈറസ് പടരുന്നതിന്റെ പേരില്‍ അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയെ വിമര്‍ശിച്ചു മൈക്രോസോഫ്റ്റ് കോര്പറേഷന് രംഗത്തെത്തി. യു.എസ്, ബ്രിട്ടന്, റഷ്യ, ചൈന, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന് എന്നിവയടക്കം 150 രാജ്യങ്ങളിലാണു റാന്‍സംവേര്‍ നാശം വിതച്ചത്. രണ്ട് ലക്ഷത്തിലേറെ കമ്പ്യൂട്ടറുകള്‍ ഇതുവരെ ആക്രമണത്തിന് ഇരയായി.
ജര്‍മനിയിലെ റയില്‍വേ സംവിധാനം, ചൈനയിലെ 29,372 സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍, ജപ്പാനില്‍ 600 കേന്ദ്രങ്ങളിലായി 2,000 കമ്പ്യൂട്ടറുകള്‍ എന്നിങ്ങനെ വൈറസ് നാശം വിതച്ച രാജ്യങ്ങള്‍ നിരവധിയാണ്. വന്‍ കമ്പനികളായ നിസാന്‍, ഹിറ്റാച്ചി, റെനോ എന്നിവയുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ചൈനയില്‍ 15 ശതമാനം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസുകള്‍ ആക്രമണത്തിന് ഇരയായതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകളും ആക്രമണത്തിന് ഇരയായി.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്സ്പി, വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയാണ് റാന്‍സംവേര്‍ ആക്രമിക്കുന്നത്. ഉബുണ്ടു ലിനക്സ്, യുനിക്സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്.ടി) വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ വ്യാപക ആക്രമണം ഉണ്ടായില്ലെന്നു സി.ഇ.ആര്.ടി അറിയിച്ചു. ഇന്ത്യയിലെ എ.ടി.എമ്മുകളില്‍ 80 ശതമാനവും സുരക്ഷിതമാണെന്ന് ഐടി സുരക്ഷാ സ്ഥാപനമായ ലുസിഡിയസും ഉറപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല