1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: ഏജന്റുമാരുടെ വലയില്‍ കുടുങ്ങിയ മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍, മോചനവും കാത്ത് മൂന്നു മാസം. ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്‌സുമാരാണ് സൗദി ജയിലിലുള്ളത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നു മാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ലഭിക്കാനായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണ് മൂന്നു പേര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത്. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ജയിലില്‍ അടയ്ക്കുകയായിരുന്നു.

ഇതേ കേസില്‍ ഉള്‍പ്പട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സൗദി പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ അതും നടന്നില്ല. ഇവരുടെ വീട്ടുകാരില്‍ പലര്‍ക്കും ഇവരുടെ അവസ്ഥ അറിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നഴ്‌സുമാരുടെ മോചനത്തിനായി കോണ്‍സുലര്‍ സംഘം നേരത്തെ തടവില്‍ കഴിയുന്ന നഴ്‌സുമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മോചനത്തിന് വേണ്ട നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംഘം പറഞ്ഞു. സൗദിയിലെ തായിഫ് ജയിലില്‍ ഇവരെ കൂടാതെ മറ്റു ചില മലയാളികളും മോചനംകാത്തു കഴിയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.