1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ.): നിശ്ചയദാര്‍ഡ്യത്തോടെ പോരാടുന്നവര്‍ക്ക് വിജയം സുനിശ്ചിതമെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍ ഹര്‍മ്മന്‍സിംഗ് സിദ്ദു എന്ന സന്നദ്ധപ്രവര്‍ത്തകനെ നമുക്ക് പരിചയപ്പെടുത്തുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിക്കുവാന്‍ വേണ്ടി പോരാടിയ ‘അറൈവ് സേഫ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ശ്രീ സിദ്ദുവിന്റെ തളര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സ് വായനക്കാര്‍ക്ക് ഒരു പുതിയ അറിവായിരിക്കും.

കുട്ടികളുടെയും യുവാക്കളുടെയും അഭിരുചികള്‍ മനസ്സിലാക്കി അവരുടെ കൃതികളും ഭാവനകളും വായനക്കാരിലേക്കെത്തിക്കുവാന്‍ ഈ ലക്കം മുതല്‍ ‘യൂത്ത് കോര്‍ണ്ണര്‍’ അരംഭിക്കുന്നു. യുവജനങ്ങള്‍ക്കായുള്ള യുക്മയുടെ ഔദ്യോഗീക വിഭാഗമായ ‘യുക്മ യൂത്തി’ന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു എഡിറ്റോറിയല്‍ ബോര്‍ഡ് ഈ തീരുമാനം കൈകൊണ്ടത്. പ്രധാനമായും കുട്ടികളുടെ രചനകളാണ് ഈ ലക്കത്തിലെ ‘യൂത്ത് കോര്‍ണ്ണര്‍’ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മരിയ, സെഹറാ ഇര്‍ഷാദ്, അമേലിയ തെരേസാ ജോസഫ്, ദിയ എലിസ്സാ ജോസഫ് എന്നിവരുടെ കൊച്ചു സൃഷ്ടികള്‍ നമുക്കാസ്വദിക്കുകയും യുവതലമുറയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാം.

ഈ ലക്കത്തിന്റെ മുഖചിത്രം ബിജു ചന്ദ്രന്‍ വരച്ച കേരളത്തിന്റെ വലിയ ഇടയനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തായുടേതാണു. നൂറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സ്വര്‍ണ്ണനാവുകാരന്‍ എന്ന ഫലിതപ്രിയനായ തിരുമേനിയുമായി ശ്രീ സജി ശ്രീവല്‍സം നടത്തിയ അഭിമുഖം ഒരുപക്ഷെ നമ്മുടെ ജീവിതത്തിലെ ചില ധാരണകള്‍ക്ക് തിരുത്തല്‍ വരുത്തുവാന്‍ ഇടയാക്കിയേക്കാം. സാധാരണക്കാരനായ ഫിലിപ്പ് ഉമ്മന്‍, എല്ലാവരില്‍ നിന്നും അസാധാരണമായ സ്‌നേഹവും കടാക്ഷവും ലഭിക്കുന്ന വലിയതിരുമേനിയായതിന്റെ കാരണം മനസ്സിലാക്കിതരുന്ന ലളിതമായ അഭിമുഖമാണു ‘സന്തോഷത്തിന്റെ വലിയ ഇടയന്‍’.

1923 ല്‍ പ്രസിദ്ധീകരിക്കുകയും 40 ഭാഷകളിലേക്ക് തര്‍ജ്ജിമചെയ്യുകയും അമേരിക്കയില്‍ മാത്രം ഒന്‍പത് ദശലക്ഷം കോപ്പികള്‍ വില്‍ക്കുകയും ഇന്നും ആഴ്ചയില്‍ അയ്യായിരത്തില്‍ പരം കോപ്പികള്‍ വിറ്റുപോവുകയും ചെയ്യുന്ന ലബനീസ് അമേരിക്കന്‍ ചിതൃകാരനും ചിന്തകനും കവിയുമായ ഖലീല്‍ ജിബ്രാന്റെ ‘ദ പ്രോഫിറ്റ്’ എന്ന ഗദ്യ കവിതാ സമാഹാരത്തില്‍ നിന്നും റ്റൈറ്റസ് കെ വിളയില്‍ തര്‍ജ്ജിമചെയ്ത ‘യുക്തിയും ആസക്തിയും’ എന്ന അദ്ധ്യായം ചിന്തകളെ ത്രസിപ്പിക്കുന്ന അക്ഷരക്കൂട്ടുകള്‍ ആണു.

ഒരുമന്ത്രിയുടെ പ്രസ്താവനയും അതിനു പ്രതിപക്ഷനേതാവ് നല്‍കിയ മറുപടിയും സംഘടിച്ച് എതിര്‍ക്കാന്‍ കഴിയാത്ത മനോരോഗികളുടെ ആതുരാലയങ്ങളെ അവഹേളിക്കുന്ന തരത്തിലേക്ക് തരം താണതില്‍ പ്രധിഷേതിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് മനോരോഗവിഭാഗം മേധാവി ഡോ. സി ജെ ജോണിന്റെ പ്രതികരണം ‘പരിഹാസമോ നമുക്ക് പഥ്യം’ എന്ന ലേഖനം മനോരോഗികളോടുള്ള നമ്മുടെ മനോഭാവത്തിന്റെ വൈകല്യം തുറന്നുകാട്ടുന്നു.

ഈ ലക്കത്തിലെ വളരെ ശ്രദ്ധേയമായ ഒരു വിഭവമാണ് യു കെ യിലെ ഹള്ളില്‍ കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്‌റ് ആയി ജോലിചെയ്യുന്ന ഡോ. ജോജി കുര്യാക്കോസിന്റെ കവിത ‘തമസ്സ്’. ഗള്‍ഫ് ലൈന്‍ ഇന്റര്‍നാഷണല്‍ മാഗസിന്‍ അവാര്‍ഡ് ജേതാവ് പി ജെ ജെ ആന്റണിയുടെ ‘ജീവിതം ഒരു ഉപന്യാസം’ എന്ന കഥാസമാഹാരത്തില്‍ നിന്നും എടുത്ത ‘മുയല്‍ ദൃഷ്ടാന്തം’, ജോര്‍ജ്ജ് അരങ്ങാശ്ശേരിലിന്റെ ‘സ്മരണകളിലേക്ക് ഒരു മടക്കയാത്ര’ എന്ന പംക്തിയില്‍ ‘അയാള്‍ ഭ്രാന്തനോ’, ഹിമാലയ സാനുക്കളെ കുറിച്ച് ശ്രീ കാരൂര്‍ സോമന്‍ എഴുതിയ വിവരണം ‘ഹിമശൈല ബിന്ദുവില്‍’, ബാബു ആലപ്പുഴയുടെ കഥ ‘കാലം വിധിക്കുന്നു’, അയ്യപ്പന്‍ മൂലശ്ശേരിലിന്റെ കവിത ‘ഒഴുക്കിനു കീഴെ’, പ്രേംചന്ദ് എഴുതിയ ചെറുകഥ ‘കാലിഡോസ്‌കോപ്പിലെ വളതുണ്ടുകള്‍’, മനോജ് കാട്ടമ്പള്ളിയുടെ ഹൃദയ സ്പര്‍ശ്ശിയായ കഥ ‘തകര്‍ന്ന നിരത്തുകളിലൂടെ ഒരു സഞ്ചാരം’ ആര്‍ ശരവണിന്റെ കഥ ‘ചക്കി’, ബീനാ റോയി യുടെ ഇംഗീഷ് കവിത ‘ട്രാന്‍സ്‌ഫോര്‍മേഷന്‍’ എന്നിവയാണു ഈ ലക്കത്തിലെ മറ്റു സാഹിത്യ വിരുന്നുകള്‍.

https://issuu.com/jwalaemagazine/docs/may_2017

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.