സ്വന്തം ലേഖകന്‍: ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. 016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.23 ലക്ഷം നിയമ ലംഘകരെ അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാലയളവിലാണ് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
നാടുകടത്തിയ ഇവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരാന്‍ അനുമതിയില്ല. ഇവരുടെ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തിയാണ് പാസ്പോര്‍ട്ട് വകുപ്പ് മടക്കിയയച്ചത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘകര്‍ പിടിയിലായത്. രണ്ടു മാസങ്ങളിലായി 80,000 നിയമ ലംഘകരെ രാജ്യത്തിന്റെ വിവിധ പ്രവശ്യകളില്നിന്നു പിടികൂടി. മാര്‍ച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുമ്പോള്‍ 32,000 നിയമലംഘകര്‍ സ്വദേശങ്ങളിലേക്ക് മടങ്ങി. പൊതുമാപ്പ് കാലാവധി തീരാന്‍ ഇനിയും 40 ദിവസം ബാക്കിയുണ്ട്.
എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കോടതി വിധി പ്രകാരമുള്ള പിഴ സംഖ്യ അടക്കാന്‍ കഴിയാത്തത് കാരണം സൗദിയിലെ ജയിലുകളില്‍ കഴിയുന്നത് നൂറു കണക്കിന് മലയാളികളാണെന്ന് റിപ്പോര്‍ട്ട്. ദമാം മേഖലയില്‍ മാത്രം ഇത്തരത്തില്‍ ഇരുനൂറോളം പേര് ജയിലില്‍ കഴിയുന്നതായാണ് കണക്ക്. പലരുടെയും തടവ് രണ്ട് വര്‍ഷമാണെങ്കിലും, പിഴ അടക്കാന്‍ സാധിക്കാതെ നാല് വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്.
പൊതുമാപ്പിലും ഇത്തരക്കാര്‍ക്ക് ഇളവ് ഇല്ലാത്തത് കാരണം ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാണ്. നല്ലൊരു ശതമാനവും തൊഴില്‍ ഉടമയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് കുടുങ്ങുന്നത്. സാധാരണക്കാരായതിനാല്‍ ഭീമമായ പിഴ സംഖ്യ അടയ്ക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. ഭൂരിപക്ഷം പരാതിക്കാരും ഒത്തുതീര്‍പ്പിന് വഴങ്ങാത്തതും ഇവരുടെ ജീവിതം ഇരുട്ടിലാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല