ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗമായി പരിഗണിക്കപ്പെടുന്നത് കോണ്ടമാണ്. എന്നാല്‍ പലര്‍ക്കും ഇത് കടകളില്‍ച്ചെന്ന് ചോദിക്കാനും വാങ്ങാനുമെല്ലാം മടിയാണ്. ഈ മടികാരണം കൊണ്ടുതന്നെ കോണ്ടം ഉപയോഗിക്കാതിരിക്കുന്നവര്‍ ഏറെയാണ്. ഇത് എയ്‍ഡ്‍സ് പോലുള്ള ലൈംഗികരോഗങ്ങള്‍ പടരുന്നതിനിടയാക്കുകയും ചെയ്യും.
നേരത്തേ ഇത്തരത്തില്‍ കോണ്ടം വാങ്ങാന്‍ മടിയുള്ളവരെ ഉദ്ദേശിച്ച് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്ടം വെന്‍ഡിങ് മെഷിനുകളും മറ്റും സംസ്ഥാനത്ത് പലേടത്തായി സ്ഥാപിച്ചിരുന്നു. ഇതുകൊണ്ടും രക്ഷയില്ലാതെ വന്നതോടെ പുതിയൊരു ബോധവല്‍ക്കരണ പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഐ ആം നോട്ട് ഷൈ എന്നാണ് ബോധവല്‍ക്കരണ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ജൂലൈ 11ന് തിങ്കളാഴ്ച ലോകജനസംഖ്യാ ദിനത്തിലാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ(എച്ച്എല്‍എല്‍)ആഭിമുഖ്യത്തില്‍ പരിപാടി ആരംഭിച്ചത്.
അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ കോണ്ടം പോലുള്ള നൂതന ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയിലെ ജനങ്ങളില്‍ പലര്‍ക്കും ലഭ്യമാകുന്നില്ലെന്നും അതിനാല്‍ത്തന്നെ 2025ല്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തിവട്ടുമെന്നും കണ്ടെത്തലുണ്ടായിരുന്നു.
ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ടുപേര്‍ എന്ന തോതില്‍ കോണ്ടം വാങ്ങാന്‍ ലജ്ജിക്കുന്നവരാണെന്നും ഇതുമൂലം ഇവിടെ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും ലൈംഗികജന്യ രോഗങ്ങള്‍ പടരുന്നുവെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ദേശീയ തലത്തില്‍ നടത്തുന്ന ഈ പരിപാടി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശാണ് ഉത്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി എച്ച്എല്‍എല്‍ വളണ്ടിയര്‍മാര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍പ്പോയി കോണ്ടം പോലുള്ള ഗര്‍ഭനിരോധന ഉപാധികള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനൊപ്പം തന്നെ ഇവയുടെ ആവശ്യകത വ്യക്തമാക്കുന്ന ബ്രോഷറുകളും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല