സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും. ഇവ പൂര്‍ത്തിയാകുമ്പോള്‍ ഓരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഊര്‍ജം രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും കേന്ദ്ര ഊര്‍ജ കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആദ്യമായാണ് കേന്ദ്രം ആണവോര്‍ജ രംഗത്ത് ഇത്രയും വലിയ മുതല്‍ മുടക്കിന് തുനിയുന്നത്.
രാജസ്ഥാനിലെ മഹി ബന്‍സ്വര, മധ്യപ്രദേശിലെ ചുട്ക, കര്‍ണാടകയിലെ കൈഗ, ഹരിയാനയിലെ ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലായാണ് 70,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പത്ത് സമ്മര്‍ദിത ഘനജല റിയാക്ടറുകള്‍ (പി.എച്ച്.ഡബ്ല്യു.ആര്) സ്ഥാപിക്കുക. ഇന്ത്യയുടെ ഇപ്പോഴത്തെ ആണവോര്‍ജ ഉല്പാദനശേഷി 22 പ്ലാന്റുകളില്‍ നിന്നായി 6780 മെഗാവാട്ടാണ്. 202122 ആവുമ്പോഴേക്ക് മറ്റൊരു 6700 മെഗാവാട്ട് കൂടി ഉല്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി രാജസ്ഥാന്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ റിയാക്ടറുകളുടെ നിര്‍മാണം നടന്നുവരുന്നു.
പൂര്‍ണമായും തദ്ദേശ നിര്‍മിതമായതിനാല്‍ രാജ്യത്തെ കമ്പനികള്‍ക്കാണ് വന്‍ പദ്ധതിയുടെ ഓര്‍ഡറുകള്‍ ലഭിക്കുക. 33,400 പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കാന്‍ നിലയങ്ങളുടെ നിര്‍മാണം വഴിയൊരുക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സന്തുലിത വികസനം, ഊര്‍ജ സ്വയം പര്യാപ്തത, ആഗോള കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പോരാട്ടം എന്നിവക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രതിജ്ഞാ ബദ്ധതക്ക് തെളിവാണ് പദ്ധതിയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
ആണവോര്ജകരാറില് ഒപ്പുവെക്കുകയും ആണവസാമഗ്രികള്‍ കിട്ടാന്‍ വഴിയൊരുങ്ങുകയും ചെയ്തിട്ടും വിദേശ രാജ്യങ്ങളില്‍ നിന്ന് സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറി കിട്ടാനുള്ള കാലതാമസം ഇന്ത്യന്‍ ആണവോര്‍ജ രംഗത്തെ പിന്നോട്ടടിപ്പിച്ചിരുന്നു. മറുവശത്ത് ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഈ രംഗത്ത് ഏറെ മുന്നിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വന്‍ മുതല്‍ മുടക്കില്‍ ഘനജല റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല