സ്വന്തം ലേഖകന്‍: മലയാളി എന്‍ജിനീയര്‍ രാജസ്ഥാനില്‍ ഭാര്യ വീട്ടുകാരുടെ വെടിയേറ്റു മരിച്ചു, ദുരഭിമാന കൊലയെന്ന് സംശയം. രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യ വീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സിവില്‍ എന്‍ജിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു കൊലപാതകം.
വീട്ടിലെത്തിയാണ് മമതയുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിനുശേഷം മമതയെ വലിച്ചിഴയ്ക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇത് തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കു നേര്‍ക്ക് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ഇവര്‍ കടന്നു കളയുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ വ്യക്തമാക്കി.
സംഭവം ദുരഭിമാനക്കൊലയാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ പ്രണയ വിവാഹം. മമതയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഭാര്യ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികളുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മമതയെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് അമിത് വിവാഹം കഴിച്ചത്. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ കേസെടുത്ത പോലീസ് മമതയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല