സ്വന്തം ലേഖകന്‍: ദിവസങ്ങള്‍ എണ്ണപ്പെട്ട കാന്‍സര്‍ ബാധിതയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി ബിരുദദാനം നേരത്തേയാക്കി കാനഡയിലെ സര്‍വകലാശാല. വിദ്യാര്‍ത്ഥിനിയുടെ രോഗ വിവരം മനസിലാക്കി പ്രത്യേക ബിരുദധാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു കാനഡയിലെ ടൊറൊന്റോ യൂണിവേഴ്സിറ്റി അധികൃതര്‍. ഇന്ത്യക്കാരിയായ പേഴ്സില്ല വൈഗാസിനാണ് സര്‍വകലാശാലാ പിഎച്ച്ഡി ബിരുദം നല്‍കിയത്.
ജൂലൈയിലായിരുന്നു പേഴ്സില്ലയുടെ ബിരുദ ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്‍സര്‍ ബാധിതയായ പേഴ്സില്ലക്ക് ജൂലൈ വരെ ആയുസ് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് അടിയന്തിരമായി ചടങ്ങ് സംഘടിപ്പിച്ചത്. കര്‍ണാടകയിലാണ് പേഴ്സില്ല ജനിച്ചു വളര്‍ന്നത്. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം ആദ്യം ദുബായിലും പിന്നീട് കാനഡയിലെ ടൊറൊന്റോയിലും എത്തി.
2005ലാണ് പേഴ്സില്ല മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം കാനഡയില്‍ താമസം ആരംഭിക്കുന്നത്. പേഴ്സില്ലക്ക് ടൊറൊന്റോയില്‍ മികച്ച ജോലി ലഭിച്ചെങ്കിലും തന്റെ സ്വപ്നമായ പിഎച്ച്ഡി ചെയ്യാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് പേഴ്സില്ല ടൊറൊന്റോ സര്‍വകലാശാലയിലെത്തുന്നത്. 2015ലാണ് ജീവിതത്തെ തകിടം മറിച്ച ക്യാന്‍സര്‍ രോഗം ഇവര്‍ക്ക് സ്ഥിരീകരിച്ചത്. ആദ്യം പിത്തരസനാളിയില്‍ ബാധിച്ച കാന്‍സര്‍ പിന്നീട് കരള്‍, അണ്ഡാശയം, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് പടരുകയായിരുന്നു.
2016 ജനുവരിയില്‍ ആറ് മാസം കൂടിയേ പേഴ്സില്ല ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എങ്കിലും അസാമാന്യ മന:ക്കരുത്ത് കൈമുതലാക്കി പേഴ്സില്ല തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ തന്റെ സ്വപ്നമായ പിഎച്ച്ഡി ബിരുധം സ്വീരിക്കാനാകാതെ ഇഹലോക വാസം വെടിയേണ്ടി വരുമോ എന്ന് പേഴ്സില്ല ഭയന്നു. ഇത് മനസിലാക്കിയാണ് യൂണിവേഴ്സിറ്റി അടിയന്തിരമായി ബിരുദധാന ചടങ്ങ് മെയ് 9ന് സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല