ബാല സജീവ് കുമാര്‍: കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്?ലാന്റ്സിലെ വാര്‍വിക്?ഷെയറില്‍ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്ട്രേഷന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ്ജ് എംപി നിര്‍വഹിച്ചു. ഫ്രണ്ട്സ് ഓഫ് കെന്റ് എന്ന പേരില്‍ ടണ്‍ബിഡ്ജ് വെല്‍സിലെ ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് എന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് വള്ളംകളി സംഘടിപ്പിക്കപ്പെടുന്നത്. ഈ വലിയ പദ്ധതിയുടെ തുടക്കം തന്നെ നാട്ടില്‍ നിന്നുമെത്തിയ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് സാധിച്ചതും സംഘാടക സമിതിയെ സംബന്ധിച്ച് വലിയ നേട്ടമായി.
യു.കെയിലെ ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കുന്നതിനും സ്വകാര്യ സന്ദര്‍ശനത്തിനുമായി എത്തിച്ചേര്‍ന്നിരുന്ന ഇടുക്കി എം.പി അഡ്വ. ജോയിസ് ജോര്‍ജ് തന്റെ സഹപാഠി ആയിരുന്ന മുന്‍ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന്റെ സ്നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ചാണ് വള്ളംകളിയുടെ രജിസ്ട്രേഷന് ഉദ്ഘാടനം നിര്‍വഹിക്കുവാനായി എത്തിച്ചേര്‍ന്നത്. വള്ളംകളിയും പ്രദര്‍ശനവും ഉള്‍പ്പെടെയുള്ള ഒരു വലിയ പരിപാടി കേരളാ ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ യുക്മയുടെ സന്നദ്ധതയെ എംപി പ്രശംസിച്ചു. കേരളത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിന് നിര്‍ണ്ണായകമായ സംഭാവന നല്കാന് ഇത്തരം പദ്ധതികളില്‍ക്കൂടി കൂടി പ്രവാസികള്‍ക്ക് സാധിക്കുമെന്നും, യുക്മയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ ഉദ്യമത്തില്‍ വള്ളംകളിയും പ്രദര്‍ശനവും മാത്രമാക്കാതെ കേരളത്തിന്റെ വിവിധ തരത്തില്‍പ്പെട്ട മറ്റു ആകര്ഷണങ്ങള് കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ തനതു ഭംഗിയും, രുചികളും, കലകളും, സംസ്കാരവും അടുത്തറിയാന്‍ എത്തുന്ന വിദേശസ്വദേശ സഞ്ചാരികളെ സ്വീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം കേരളത്തിലും അനിവാര്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേരളത്തിലെ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ വികസനങ്ങള്‍ക്കായി ഇപ്രാവശ്യം ഏറ്റവും കൂടുതല്‍ കേന്ദ്രസഹായം നേടിയെടുത്ത ജോയിസ് ജോര്‍ജ്ജ്, സഞ്ചാരികളുടെ സ്വതന്ത്ര സഞ്ചാരത്തിനും വിനോദത്തിനും ഉതകുന്ന വിധം ഒരു സാമൂഹിക അവബോധനം കേരളത്തില്‍ രൂപപ്പെട്ട് വരുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളെപ്പറ്റിയും, തനത് കലകളും, ഭക്ഷണ വൈവിധ്യവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദേശരാജ്യങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്നത് അതത് രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ക്കാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ബ്രിട്ടണില്‍ നിന്നും കൂടുതല്‍ വിദേശ സഞ്ചാരികളെ നാട്ടിലേയ്ക്കെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ഈ സംരംഭം സഹായകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ടണ്‍ബ്രിഡ്ജ് വെല്‍സ് റസല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുക്മ കെ.ടി.പി.സി (കേരളാ ടൂറിസം പ്രമോഷന് ക്ലബ്) വൈസ് ചെയര്മാന് ടിറ്റോ തോമസ് അദ്ധ്യക്ഷനായിരുന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ബോട്ട് റേസിന്റെ ചുമതലയുള്ള ജേക്കബ് കോയിപ്പള്ളി, യുക്മ പി.ആര്.ഒ ബാലസജീവ് കുമാര്‍ എന്നിവര്‍പ്രസംഗിച്ചു. റീജണല്‍ സെക്രട്ടറി അജിത് വെണ്മണി നന്ദി രേഖപ്പെടുത്തി.
ഇരുപതംഗ ടീമിന്റെ പേരടങ്ങിയ രജിസ്ട്രേഷന് ഫോമും രജിസ്ട്രേഷന് ഫീസായി മുന്നൂറു (300) പൗണ്ടിനുള്ള ചെക്കും കോട്ടയം ഒളശ്ശ ഫ്രണ്ട്സ് ബോട്ട് ക്ലബ് ക്യാപ്റ്റനും സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് ഭാരവാഹിയുമായ ജോഷി സിറിയക്കിന്റെ പക്കല്‍ നിന്നും ജോയിസ് ജോര്‍ജ് എം.പി ഏറ്റുവാങ്ങി. ബിബിന്‍ എബ്രാഹം, ആല്‍ബര്‍ട്ട് ജോര്‍ജ്, ഷിനോ തുരുത്തിയില്‍ ജെയ്സണ്‍ ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേര് നല്‍കേണ്ടതാണ്. ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷന് ഫീസ്. എന്നാല്‍ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ 300 പൗണ്ട് ഫീസ് നല്കിയാല് മതിയാവും. എല്ലാ ടീമുകള്‍ക്കുമുള്ള ജഴ്സികള്‍ സംഘാടക സമിതി സൗജന്യമായി നല്‍കുന്നതാണ്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
വിശദവിവരങ്ങള്‍ക്ക്:
ഇമെയില്‍: secretary@uukma.org
ജയകുമാര്‍ നായര്‍:07403 223066
ജേക്കബ് കോയിപ്പള്ളി:07402 935193
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല