ബാല സജീവ് കുമാര്‍: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനില്‍ വീട്ടില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് അന്തരിച്ച ജിന്‍സിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17ന് ലൂട്ടന്‍ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് രഞ്ജിത്ത് കുമാര്‍ യുക്മ സാന്ത്വനത്തിന്റെ സഹായധനം ജിന്‍സിയുടെ അന്തിമകര്‍മ്മങ്ങളുടെ ആവശ്യങ്ങളിലേക്കായി ഫ്യുണറല്‍ ഡയറക്ടേഴ്‌സിനെ ഏല്‍പ്പിച്ചത്.
ഭര്‍തൃ സഹോദരന്റെ വീട്ടില്‍ വച്ച് സ്റ്റെപ് കയറിയപ്പോള്‍ പുറകോട്ടു മറിഞ്ഞു വീണപ്പോള്‍ തലക്കേറ്റ ആഘാതമാണ് മരണകാരണം. അപകടത്തെത്തുടര്‍ന്ന് കേംബ്രിഡ്ജ് ആദംബ്രൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിച്ചിരുന്ന ജിന്‍സി മെയ് അഞ്ചാം തീയതി പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി നിത്യതയുടെ ലോകത്തേക്ക് യാത്രയാകുകയായിരുന്നു. ജിന്‌സിയുടെ ഭൗതികശരീരം മെയ് 19നു നാട്ടിലേക്ക് കൊണ്ടുപോകുകയും, മെയ് 21 ഞായറാഴ്ച പത്തനംതിട്ട വായത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.
യു കെ യില്‍ നിര്യാതരാകുന്നവരുടെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചോ യു കെ യില്‍ വച്ചോ നടത്തുന്ന സംസ്‌കാര കര്‍മ്മങ്ങളുടെ ചിലവുകള്‍, ആവശ്യപ്പെടുന്ന പക്ഷം യുക്മ വഹിക്കുമെന്ന് 2017 19 വര്‍ഷത്തെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ വച്ച് തന്നെ യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ആദ്യ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ തന്നെ പിരിവിട്ട് ആദ്യ സാന്ത്വനസഹായ നിധി സ്വരൂപിക്കുകയും ചെയ്തു. അതിനുശേഷം സാന്ത്വനം എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആവശ്യമുള്ളപ്പോള്‍ മാത്രം അംഗങ്ങളില്‍ നിന്ന് സഹായമഭ്യര്‍ത്ഥിക്കുന്ന രീതിയാണ് സാന്ത്വനം അവലംബിച്ചു വരുന്നത്. ഇത് സാന്ത്വനത്തിന്റെ രണ്ടാമത്തെ സഹായമായിരുന്നു. ഓരോ പ്രാവശ്യവും സഹായ നിധി സ്വരൂപിച്ചു കഴിയുമ്പോള്‍ തന്നെ അക്കൗണ്ട് നിലവാരവും വരവ് ചെലവ് നീക്കിയിരുപ്പ് കണക്കുകളും അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ പ്രസിദ്ധീകരിച്ച് പ്രവര്‍ത്തനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.മുന്‍ യുക്മ നാഷണല്‍ പ്രസിഡണ്ട് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ മേല്‍നോട്ടത്തില്‍, യുക്മ ചാരിറ്റി ഫൗണ്ടെഷന്റെ ഭാഗമായാണ് സാന്ത്വനം പ്രവര്‍ത്തിക്കുന്നത്.
യുക്മയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല