സ്വന്തം ലേഖകന്‍: ട്രംപിന്റെ സൗദി സന്ദര്‍ശനം തുടങ്ങി, അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകം, സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശനിയാഴ്ച ഔദ്യോഗിക തുടക്കമായി. റിയാദില്‍ എത്തിയ ട്രംപിനേയും ഭാര്യ മെലാനിയയേയും സൗദി ഭരണാധികാരി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളിലാണ് ഒപ്പുവയ്ക്കുക.
ഞായറാഴ്ച അറബ് ഇസ്ലാമിക് അമേരിക്കന്‍ ഉച്ചകോടിയിലും ട്രംപ് പങ്കെടുത്ത് സംസാരിക്കും.പ്രസിഡന്റായ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് സൗദിയിലേക്ക്. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ട്രംപ് ഇസ്രയേല്‍, പലസ്തീന് മേഖല, ബ്രസല്‍സ്, വത്തിക്കാന്‍, സിസിലി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. ട്രംപിന്റെ സംഘത്തില്‍ മകള്‍ ഇവാന്‍കയും ഭര്‍ത്താവും കാബിനറ്റ് അംഗവുമായ ജെര്‍ഡ് കുഷ്നറും സൗദിയില്‍ ത്തിയിട്ടുണ്ട്.
11,000 കോടി ഡോളറിന്റെ ആയുധ കരാര്‍, അടുത്ത പത്തു വര്‍ഷത്തേക്ക് 35,000 കോടി ഡോളറിന്റെ മറ്റൊരു കരാര്‍ എന്നിവയാണ് സന്ദര്‍ശനത്തില്‍ പ്രധാനം. അതു കൂടാതെ വിവരസാങ്കേതികം, അടിസ്ഥാന സൗകര്യ വികസനം, ഉല്പാദനം, വൈദ്യുതി തുടങ്ങി നിരവധി കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി.
മെലാനിയ ട്രംപും ഇവാന്‍കയും ശിരോവസ്ത്രം ധരിക്കാതെയാവും സൗദിയില്‍ ഉടനീളം സഞ്ചരിക്കുക. 2015ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബാരക് ഒബാമയ്ക്കൊപ്പം സൗദിയില്‍ എത്തിയ ഭാര്യ മിഷേല്‍ ഒബാമ ശിരോവസ്ത്രം ധരിച്ചതിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. ആതിഥേയരെ അവര്‍ അപമാനിച്ചുവെന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല