സ്വന്തം ലേഖകന്‍: കുവൈത്തിലെ പ്രമുഖ മലയാളി വ്യവസായി ടൊയോട്ട സണ്ണി അന്തരിച്ചു.81 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. കുവൈറ്റിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറില്‍ കുവൈത്തില്‍ എത്തിയ മാത്തുണ്ണി മാത്യൂസാണ് പിന്നീട് ടൊയോട്ട സണ്ണിയെന്ന പേരില്‍ പ്രശസ്തനായത്.
കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവില്‍ ഇരിക്കവെ സ്വയം വിരമിച്ചു. പിന്നീട് സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിംഗ് ആന്റ് കോണ്ട്രാക്ടിംഗ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം.
1990ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ജാബിരിയ ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ് മാത്യൂസ്. ഭാര്യ മേരി മാത്യു, മക്കള്‍ ജോയ് മാത്യു, ആനി മാത്യു, സൂസന് മാത്യു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല