1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

സ്വന്തം ലേഖകന്‍: വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. വൃക്കരോഗ ബാധിതനായി മുംബൈയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വാമിക്ക് 66 വയസായിരുന്നു. 1948 ല്‍ രാജസ്ഥാനിലെ ബെഹ്‌റൂരില്‍ ജനിച്ച ചന്ദ്രസ്വാമിയുടെ യഥാര്‍ത്ഥ പേര് നെമിചന്ദ് എന്നാണ്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായ ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു.

രാജ്യത്ത് നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ചന്ദ്രസ്വാമിക്കെതിരെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായിരുന്നു കേസെടുത്തത്. ചന്ദ്രസ്വാമിയും കൂട്ടാളി വിക്രം സിങ്ങും കൂടി 1992ല്‍ 30 ലക്ഷം രൂപ വിലവരുന്ന 10,500 ഡോളര്‍ പ്രകാശ്ചന്ദ്ര യാദവ് എന്നൊരാളില്‍ നിന്നു റിസര്‍വ് ബാങ്ക് അനുമതി കൂടാതെ വാങ്ങിയെന്നാണു കേസ്.

സ്വാമിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം ഹൈദരാബാദിലേക്ക് കുടിയേറി. തുടര്‍ന്ന് താന്ത്രികവിദ്യകളില്‍ ആകൃഷ്ടനായ ചന്ദ്രസ്വാമി താന്ത്രിക പണ്ഡിതന്‍ ഗോപിനാഥ് കവിരാജിന്റെ ശിഷ്യനായി. പ്രവാചകനെന്ന നിലയില്‍ പ്രസിദ്ധി നേടിയ ചന്ദ്രസ്വാമി, മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ വിശ്വസ്തനും ആത്മീയ ഉപദേഷ്ടാവും ആയി പേരെടുത്തതോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1990 കളുടെ പകുതിവരെ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ വിലസിയ സ്വാമിയുടെ ശനിദശ തുടങ്ങുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നതോടെയാണ്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ചന്ദ്രസ്വാമിയുടെ പേര് കേസ് അന്വേഷിച്ച സിബിഐ പരാമര്‍ശിച്ചിരുന്നു. സാഹചര്യത്തെളിവുകളും രേഖകളും ചന്ദ്രസ്വാമിയുടെ നേര്‍ക്കും വിരല്‍ചൂണ്ടുന്നു. രാജീവ് ഗാന്ധിവധത്തില്‍ ചന്ദ്രസ്വാമിയെ ഗൗരവമായി സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.