സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു മറുപടിയായി സിയാച്ചിനില്‍ പാക് യുദ്ധ വിമാനം, അതിര്‍ത്തി രേഖ കടന്നില്ലെന്ന് ഇന്ത്യ, ഇരു പക്ഷത്തും വന്‍ യുദ്ധ സന്നാഹം. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന് യുദ്ധവിമാനം പറത്തിയിട്ടില്ലെന്നു വ്യോമസേന അറിയിച്ചു.
നേരത്തെ സൈനിക അഭ്യാസത്തിന്റെ ഭാഗമായി പാക്ക് മിറാഷ് ജെറ്റുകള്‍ സിയാച്ചിനു സമീപം പറന്നായും പരിശീലനം വ്യോമസേനാ മേധാവി സൊഹൈല്‍ അമന് പരിശോധിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സ്കാര്‍ഡു എയര്‍ബേസ് അദ്ദേഹം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്നും താഴ്ന്നും പറക്കാവുന്ന യുദ്ധവിമാനം സിയാച്ചിനില്‍ ഉപയോഗിച്ചതായി പാക്ക് വ്യോമസേനയും (പിഎഎഫ്) സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മിന്നലാക്രമണത്തിനു തക്കമറുപടി നല്കാന് പാക്കിസ്ഥാന് ഒരുങ്ങുന്നെന്ന നിലയ്ക്കാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈനിക മേധാവിമാര്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ അതിര്‍ത്തി മറികടന്നാല്‍ പാക് യുദ്ധ വിമാനങ്ങളെ വെടുവച്ചിടാനുള്ള നിര്‍ദ്ദേശം വ്യോമസേനയും കരസേനയും അതിര്‍ത്തിയിലെ യൂണിറ്റുകള്‍ക്ക് നല്‍കിയതായാണ് സൂചന.
അതിനിടെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നു എന്ന പേരില്‍ വ്യാജ വീഡിയോകള്‍ പാക് സൈന്യം പുറത്തുവിട്ടു. എന്നാല്‍, വീഡിയോയിലുള്ളത് ഇന്ത്യന്‍ പോസ്റ്റുകളല്ലെന്നും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ സൈനികരുടെ തലയറുക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല