സ്വന്തം ലേഖകന്‍: ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ. 240 കേസുകളിലായി നാനൂറോളം ബിനാമി ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 600 കോടി രൂപയുടെ വസ്തു വകകള്‍ ഇതുവരെ കണ്ടുകെട്ടിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രക്ഷപ്പെടാനായില്ല. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്പ്പെടെയുള്ളവരുടെ വീടുകളിലും പരിശോധന നടന്നു.
ജബല്പൂരില് ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് മാത്രം എട്ട് കോടിയോളം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ വസ്തു വാങ്ങിക്കൂട്ടിയ വന്‍ വ്യവസായികളും കുടുങ്ങി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാം. ഒപ്പം പിഴയും അടയ്ക്കേണ്ടി വരും. നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 24 ബിനാമി നിരോധന യൂണിറ്റുകളാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ആരംഭിച്ചത്.
കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 530 കോടി രൂപയ്ക്ക് മുകളിലുള്ള വസ്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ബിനാമി വിരുദ്ധ നിയമം കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തിനൊപ്പം ബിനാമി ഇടപാടുകള്‍ തടയാനുള്ള നിയമം കര്‍ശനമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല