സ്വന്തം ലേഖകന്‍: ഒടുവില്‍ പാക് ഹൈക്കോടതി കനിഞ്ഞു, പാക് യുവാവ് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉസ്മ എന്ന ഇന്ത്യന്‍ യുവതിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ബുധനാഴ്ച അനുമതി നല്‍കിയത്. വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കാനും ജസ്റ്റീസ് മൊഹ്സീന് അക്തര്‍ കയാനി അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
തഹിര്‍ അലി എന്ന പാകിസ്താനിയാണ് ഉസ്മയെ വിവാഹം കഴിച്ചത്. തന്നെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്. തന്നെ നിര്‍ബന്ധിച്ച് നിക്കാമ്മയില്‍ ഒപ്പുവയ്പ്പിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു.
ഇതിനെതിരെ തഹിര്‍ അലി സമര്‍പ്പിച്ച അപേക്ഷ കോടതി മടക്കിയിരുന്നു. ഉസ്മയുമായി സ്വകാര്യമായി സംസാരിക്കാനും അലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ചേംബറില്‍ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താമെന്നായിരുന്നു ജസ്റ്റീസ് കയാനിയുടെ നിര്‍ദേശം. കൂടിക്കാഴ്ച ഉസ്മ നിരസിക്കുകയും ചെയ്തു. ഉസ്മയുടെ വീസാ കാലാവധി മേയ് 30 ന് അവസാനിക്കാനിരിക്കെയാണ് ആശ്വാസമായി കോടതി വിധി.
തന്നെ സ്വദേശത്തേക്ക് മടക്കികൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഉസ്മ നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെയും സമീപിച്ചിരുന്നു. ഡല്‍ഹി സ്വദേശിനിയാണ് ഉസ്മ. മലേഷ്യയില്‍ വച്ചാണ് തഹിര്‍ അലിയുമായി പ്രണയത്തിലാകുന്നത്. മേയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി ഉസ്മ പാകിസ്താനില്‍ എത്തുകയായിരുന്നു. തഹിറിന്റെ ആവശ്യപ്രകാരം മേയ് മൂന്നിനായിരുന്നു ഇവരുടെ വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല