സ്വന്തം ലേഖകന്‍: വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന് സുരക്ഷാ വലയത്തില്‍, സ്ഥിതി ഗുരുതരമെന്ന് തെരേസാ മേയ്, ഭീതിയോടെ പ്രവാസി സമൂഹം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, അടുത്തുതന്നെ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ സുരക്ഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. രാജ്യത്തെ നഗരങ്ങളിലുടനീളം 3800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബെക്കിങ് ഹാം കൊട്ടാരവും ഡൗണിങ് സ്ട്രീറ്റും എംബസികളും കനത്ത സുരക്ഷയിലാണ്.
സംഗീതക്കച്ചേരികളും ഫുട്ബാള്‍ മത്സരങ്ങളും നടക്കുന്ന വേദികളും പൊലീന്റെ നിരീക്ഷണത്തിലാണ്. 2007 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ബ്രിട്ടനില്‍ സുരക്ഷ ഇത്രയും ശക്തമാക്കുന്നത്. അതിനിടെ, ചാവേറാക്രമണം നടത്തിയത് ആക്രമി തനിച്ചല്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കി. ആക്രമിക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനായ സല്മാന് ആബിദി എന്ന 22കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നിലേറെ പേരെ അറസ്റ്റ് ചെയ്തു. തെക്കന്‍ മാഞ്ചസ്റ്ററില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 23 വയസ്സുള്ള യുവാവിനെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മാഞ്ചസ്റ്ററില്‍ ജനിച്ച ആബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന ആബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. സല്മാന് അബേദിയുടെ സഹോദരന് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സല്മാന് അബേദിക്കു ഭീകര ബന്ധം ഉള്ളതായി സംശയിക്കപ്പെട്ടിരുന്നതിനാല് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ജനക്കൂട്ടത്തിനുനേരെ കഴിഞ്ഞ ദിവസമാണ് ചാവേര്‍ ഭീകരാക്രമണമുണ്ടായത്. സംഭവത്തില്‍ 22 പേര് കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 119 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോളുകള്‍ക്ക് മറുപടി കൊടുക്കുന്നതിന്റെ തിരക്കിലാണ് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാത്ത ഇന്ത്യന്‍ പൗരന്മാര്.
കഴിഞ്ഞരാത്രി എന്താണ് സംഭവിച്ചറത് എന്നോര്‍ക്കുമ്പോള്‍ തന്നെ കടുത്ത ഞെട്ടലാണെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ സെക്രട്ടറി രാജ് ദത്ത പ്രതികരിച്ചു. നിഷ്കളങ്കരായ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നിഷ്കരുണം ചാവേര്‍ സ്ഫോടനം നടത്തിയിരിക്കുന്നതെന്ന് യു.കെ യിലെ സിഖ് ഫെഡറേഷന്റെ അധ്യക്ഷന്‍ ഭായ് അംരിക് സിങ് പറഞ്ഞു. മാഞ്ചസ്റ്ററിലെ മലയാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ള മറ്റു കൂട്ടായ്മകളും പരസ്പരം ധൈര്യം പകരാനും സഹായം എത്തിക്കാനുമുള്ള ശ്രമങ്ങളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല