സ്വന്തം ലേഖകന്‍: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു തെളിവായി കണക്കുകളുമായി അമേരിക്കന്‍ ഗവേഷകന്. ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂനിവേഴ്സിറ്റി ഗവേഷകന് യി ഫുക്സിയാനാണ്. 137 കോടി ജനസംഖ്യയെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 കോടിയേ ഉള്ളൂവെന്നും ഫുക്സിയാന്‍ പറയുന്നു.
ഇന്ത്യയില്‍ 133 കോടി ജനങ്ങളുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനസംഖ്യ കണക്കുകളില്‍ ചൈനയെ 2022 ല്‍ ഇന്ത്യ മറികടക്കുമെന്നാണ് യു.എന്‍ കണക്കുകൂട്ടലെങ്കിലും നേരത്തേതന്നെ ഇത് സംഭവിച്ചെന്ന് ന്ന പുതിയ വാദത്തിന് ഔദ്യോഗിക അംഗീകാരമില്ല. പ്രത്യുല്പാദനനിരക്ക് ഒരു സ്ത്രീക്ക് 1.6 ആണെന്ന് ചൈനീസ് സര്‍ക്കാര്‍ പറയുന്നത് ശരിയല്ലെന്നും 1.05 മാത്രമേയുള്ളൂവെന്നും ചൈനയിലെ ‘ഒറ്റ കുട്ടി നയ’ത്തിന്റെ കടുത്ത വിമര്ശകന് കൂടിയായ യി ഫുക്സിയാന്‍ ആരോപിച്ചു.
ചൈനയിലെ പെക്കിങ് യൂനിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് തന്റെ വാദം അദ്ദേഹം അവതരിപ്പിച്ചത്. പുതിയ തലമുറയില്‍ അംഗസംഖ്യ കുറഞ്ഞത് തൊഴില്‍ മേഖലയെ അടക്കം ബാധിച്ചു തുടങ്ങിയതോടെ ചൈന ഒറ്റക്കുട്ടി നയം കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു. താരതമ്യേന ചെറുപ്പമായ ഇന്ത്യന്‍ ജനസംഖ്യയോട് പിടിച്ചു നില്ക്കാന് പ്രായമായവര്‍ കൂടുതലുള്ള ചൈനക്ക് കഴിയില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഫുക്സിയാന്റെ വാദങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല