സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, എട്ടു പേര് പിടിയില്‍, ചാവേര്‍ സല്മാന് അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടു പേര് പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. രാജ്യം ഇപ്പോഴും ഭീകരക്രമണ ഭീതിയില്‍ തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാഞ്ചസ്റ്റര്‍ ആക്രമണക്കേസില്‍ പിടിയിലായ എട്ടു പേര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ തെരേസ മേ ജനത്തോടു ജാഗ്രത പാലിക്കാന്‍ വിഡീയോ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു സ്ത്രീയുള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരം പുറത്ത് വിടാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എലിസബത്ത് രാജ്ഞി റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
അറസ്റ്റിലായവരില്‍ ചാവേര്‍ സ്ഫോടനം നടത്തിയ സല്മാന് അബദിയുടെ (22) പിതാവ് രമദാന്‍, ഇളയ സഹോദരന് ഹാഷിം എന്നിവരും ഉള്‍പ്പെടും. ഇരുവരും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നാണ് അറസ്റ്റിലായത്. ഹാഷിം ഭീകരാക്രമണം നടത്താന്‍ ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ എല്ലാ വിശദാംശങ്ങളും ഹാഷിമിന് അറിവുണ്ടായിരുന്നതായും ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രമദാന്‍ അല്‍ക്വയ്ദ ബന്ധമുള്ള ഭീകരസംഘടനയില്‍ അംഗമായിരുന്നു.
ലിബിയയില്‍ നിന്ന് കുടിയേറിയതാണ് സല്മാന് ആബിദിയുടെ കുടുംബം. മകന്റെ സംസാരത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. സല്മാന് ഐ.എസ് പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന ഇത്തരം തീവ്രവാദങ്ങള്ക്കെതിരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്റെ ഇളയ സഹോദരന് ഹാഷിം ട്രിപളിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി.
രാജ്യത്ത് തുടര്‍ച്ചയായ ചാവേര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ഭടന്മാരെ നിയോഗിച്ചു. ട്രെയിനുകളില്‍ സുരക്ഷയ്ക്കായി സാ!യുധ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നു ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് മേധാവി വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റര്‍ അരീനയിലെ സംഗീതക്കച്ചേരിയുടെ സമാപനത്തിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും 116 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 23 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല