സ്വന്തം ലേഖകന്‍: സൗദിയില്‍ തല മറയ്ക്കാതെയും വത്തിക്കാനില്‍ തല മറച്ചും, മെലാനിയ ട്രംപിന്റെ വേഷം വിവാദമാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റേയും ഭാര്യ മെലാനിയയുടേയും ആദ്യ വിദേശ പര്യടനമാണ് അമേരിക്കയിലെയും വിദേശത്തെയും മാധ്യമങ്ങള്‍ വിവാദങ്ങളില്‍ മുക്കുന്നത്. കടുത്ത നിയമങ്ങള്‍ നില നില്‍ക്കുന്ന സൗദി അറേബ്യയില്‍ കഴിഞ്ഞയാഴ്ച ട്രംപ് സന്ദര്‍ശനം നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മെലാനിയ തല മറയ്ക്കാതെ പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സ്ത്രീകള്‍ തല മറയ്ക്കണമെന്ന കര്‍ശന നിയമമുള്ള സൗദിയില്‍ മത നിയമം ഒരു തരത്തിലും പാലിക്കാതെയായിരുന്നു മെലാനിയ സന്ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ തലയില്‍ നെറ്റ് ഇടുകയും ചെയ്തു. വത്തിക്കാന്റെ പ്രോട്ടോകോള്‍ പ്രകാരം പോപ്പിനെ സന്ദര്‍ശിക്കുമ്പോള്‍ സ്ത്രീകള്‍ കറുത്തതും കൈ നീളമുള്ളതുമായ കുപ്പായവും ശിരോവസ്ത്രം കൊണ്ട് തല മൂടുകയും ചെയ്യണമെന്നാണ് നിയമം.
ഈ നിയമം പാലിക്കണമെന്നത് ട്രംപിന്റെ തീരുമാനം ആയിരുന്നുവെന്നും എന്നാല്‍ സൗദി അറേബ്യയില്‍ ഗവണ്‍മെന്റ് മെലാനിയ ഹിജാബ് ധരിക്കണമെന്ന നിര്‍ബ്ബന്ധം പിടിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. അതേസമയം വത്തിക്കാന്‍ ഈ നിയമം നിര്‍ബ്ബന്ധപൂര്‍വ്വം നടപ്പാക്കിയിരുന്നില്ല. 2015 ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍ ഈ മാസം സന്ദര്‍ശിച്ച ആംഗ് സാന്‍ സ്യുകി എന്നിവര്‍ ഉള്‍പ്പെടെ ഉയര്‍ന്ന റാങ്കിംഗിലുള്ള അനേകം സ്ത്രീകള്‍ ശിരോ വസ്ത്രം കൂടാതെ വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു.
കടുത്ത കത്തോലിക്കാ വിശ്വാസിയായ മെലാനിയ തന്റെ മത നേതാവിനെ കാണുമ്പോള്‍ അത് വിശ്വാസാനുസരണം തന്നെ ആയിരിക്കണമെന്ന് തീരുമാനിച്ചതായിരുക്കാം എന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹത്തിന് മുമ്പ് ജൂദായിസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ അമേരിക്കന്‍ സംഘത്തിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നു. അതേസമയം സൗദിയില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തിയപ്പോള്‍ ആ നാടിന് അനുസൃതമായ വേഷമായിരുന്നു മെലാനിയ ധരിച്ചത്.
രണ്ടു ദിന സന്ദര്‍ശനത്തില്‍ ഉന്നത സ്ഥാനീയരായ സ്ത്രീസന്ദര്‍ശകര്‍ ധരിക്കണമെന്ന് പ്രോട്ടോകോളില്‍ പറഞ്ഞിട്ടുള്ള കൈനീളമുള്ളതും കഴുത്തു മറയുന്നതും പാന്റ്‌സും വരുന്ന ശരീരം മുഴുവന്‍ പൂര്‍ണ്ണമായും മൂടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. എങ്കിലും തല മറച്ചിരുന്നില്ല. തല മറയ്ക്കുക, പാദരക്ഷ പുറത്തിടുക തുടങ്ങിയ നിയമങ്ങള്‍ വരുന്ന മുസ്ലീങ്ങളുടെ വിശുദ്ധ ദേവാലയമോ മോസ്‌കുകളോ മെലാനിയ സന്ദര്‍ശിച്ചുമില്ല.
സൗദിയിലെ സ്ത്രീകള്‍ ധരിക്കുന്ന രീതിയില്‍ ശരീരം മൂടുന്ന ഡ്രസ്സുകളാണ് ധരിച്ചിരുന്നതെങ്കിലും ഇവാന്‍കാ ട്രംപും ശിരോവസ്ത്രം ധരിച്ചില്ല. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളായ വിശിഷ്ടാഥികള്‍ സൗദിയില്‍ വരുമ്പോള്‍ ശിരോവസ്ത്രം സാധാരണഗതിയില്‍ ധരിക്കാറില്ല. നേരത്തേ 2015 ല്‍ ഒബാമ സന്ദര്‍ശിച്ചപ്പോഴും പ്രഥമവനിത മിഷേല്‍ തല മറച്ചിരുന്നില്ല. തുടര്‍ന്നു വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയും ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലും തല മറച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല