സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, റംസാന് വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും അതിനാല്‍ അത് റംസാന് ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും റംസാന് നോമ്പിന് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും റംസാന് വ്രതം മെയ് 27 ന് ശനിയാഴ്ച ആരംഭിക്കും.
റംസാന് വ്രതം ആരംഭിക്കുന്നത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം സൗദി അറേബ്യയില്‍ നിന്നാണ് ഉണ്ടായത്. അധികം വൈകാതെ യു.എ.ഇ യുടെ പ്രഖ്യാപനവും വന്നു. ശനിയാഴ്ച റംസാന് ഒന്ന് ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 24 ന് ആയിരിക്കും അവസാനം. മാസപ്പിറവി കാണുന്ന പക്ഷം ജൂണ്‍ 25 ന് ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്നാണ് സൂചന. അതേസമയം റംസാന് വ്രതം ആരംഭിക്കുന്നത് സംബന്ധിച്ച് ഒമാനിലെ പ്രഖ്യാപനം ഇതുവരെ ആയിട്ടില്ല.
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ കേരളത്തില്‍ വെള്ളിയാഴ്ച മാസപ്പിറവി കണ്ടതായി അറിയിച്ചു.
തിരുവനന്തപുരം പാളയം ഇമാം, എപി വിഭാഗം സമസ്ത അധ്യക്ഷന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് എന്നിവരും വ്രതാരംഭം സ്ഥിരീകരിച്ചിട്ടുണ്ട്. പതിനൊന്ന് മാസക്കാലത്തെ പാപങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണ് റമദാന്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആസക്തികളോടും ദേഹേച്ഛകളോടുമുള്ള സര്‍വോപരി പിശാചിനോടുള്ള അവിരാമ സംഘര്‍ഷവും ജയവുമാണ് റമദാനിലൂടെ വിശ്വാസികള്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല