സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം. അസമിലെ സദിയയില്‍ നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോലയിലാണ് അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് ധോല സാദിയ പാലം രാജ്യത്തിന് സമര്‍പ്പിച്ചത്. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് ധോല സാദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പാലമായിരുന്ന മുംബൈ ബാന്ദ്രവോര്‍ളി പാലത്തേക്കാള്‍ ധോലസാദിയ പാലത്തിന് 3.55 കിലോമീറ്റര്‍ നീളക്കൂടുതലുണ്ട്.
അസാമില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ച പാലത്തിന് 60 ടണ്‍ ഭാരമുള്ള യുദ്ധ ടാങ്കുകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്. അസമിലെയും, അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാ ദുരുതവും പാലം തുറന്നതോടെ കുറയും. പുതിയ പാലം തുറന്നതോടെ അസമിനും അരുണാപ്രദേശിലും ഇടയിലെ യാത്രാസമയം നാലു മണിക്കൂറായി കുറയും. 2011 ല്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തിന് ഇതുവരെ 950 കോടി രൂപ ചിലവായതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല