സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍. ടോര്‍മിനയിലെ സിസിലിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയും ആദ്യമായാണ് പങ്കെടുക്കുന്നത്.
എല്ലാ വര്‍ഷവും അംഗരാജ്യങ്ങള്‍ യോഗം ചേര്‍ന്ന് സുരക്ഷ, വ്യാപാരം, ഊര്‍ജം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താറുണ്ട്. ഇത്തവണ അംഗരാജ്യങ്ങള്‍ തമ്മില്‍ കടുത്ത തോതിലുള്ള വാദഗതികള്ക്കാവും ജി 7 വേദിയാവുകയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും വ്യാഴാഴ്ച ജി 7ന്റെ മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം പുറത്തുവന്നിരുന്നു.
സ്വതന്ത്രവ്യാപാരം, കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ജി 7 രാഷ്ട്രത്തലവന്മാരുമായി യോജിച്ചുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ട്രംപ്. ജി 7 ഉച്ചകോടിയിലെ ഏറ്റവും പ്രയാസമേറിയ ഒന്നാണ് നടക്കാന്‍ പോകുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ ചീഫ് ഡൊണാള്‍ഡ് ടസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യു.കെ, യു.എസ് എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളാണ് ജി 7ലെ അംഗങ്ങള്‍. അതോടൊപ്പം യൂറോപ്യന്‍ യൂനിയന്റെ പ്രതിനിധിയും ചര്‍ച്ചയിലുണ്ടാവും.
മെഡിറ്റേറേനിയന്‍ കടലിന് അഭിമുഖമായി കുന്നിന്മുകളില് നിലകൊള്ളുന്ന ഹോട്ടലിലാണ് ഉച്ചകോടി. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജി 7 തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്ന് മേഖല അഭിമുഖീകരിക്കുന്ന ഭീഷണിയെക്കുറിച്ച് ജപ്പാന് പ്രധാനമന്ത്രിയുമായി അംഗ രാജ്യങ്ങള്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്തുമെന്നും കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല