സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്കി എച്ച് 1 ബി വിസയില്‍ ഇളവു നല്‍കാനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം എന്നീ വിഷയങ്ങളില്‍ അമേരിക്കയില്‍നിന്ന് പിച്ച്.ഡി. നേടുന്ന വിദേശികള്‍ക്ക് എച്ച് 1 ബി വിസയില്‍ ഇളവു നല്‍കണമെന്നും വര്‍ഷം തോറും അനുവദിക്കുന്ന തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിലും എച്ച് 1 ബി വിസയിലും ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെടുന്നതാണ് ബില്‍.
അമേരിക്കയില്‍ പിച്ച്.ഡി. ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാരായതിനാല്‍ ബില്‍ പാസായാല്‍ ഇന്ത്യക്കാര്‍ക്ക് വളരെ ഗുണകരമാവും. റിക് പോള്സന്, മൈക്ക് ക്വിഗ്ലി എന്നീ അംഗങ്ങളാണ് ബില്‍ അവതരിപ്പിച്ചത്. അമേരിക്കയില്‍ പിച്ച്.ഡി. നേടുന്നവര്‍ സമ്പദ്വ്യവസ്ഥ വിട്ടുപോകുന്നത് തടയല്‍ (സ്റ്റേപ്പിള്‍) നിയമം എന്നാണ് ബില്ലിന്റെ പേര്.
വിദേശത്തുനിന്നെത്തി അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് സംഭാവന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് അംഗം എറിക് പോള്സന് പറഞ്ഞു. വൈദഗ്ധ്യം ആവശ്യമുള്ള ആയിരക്കണക്കിന് തൊഴിലുകള്‍ ആളില്ലാതെ കിടക്കുന്നുണ്ടെന്നും അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രതിഭകളെ കിട്ടുന്നുണ്ടെന്ന് സ്റ്റേപ്പിള്‍ നിയമം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് എച്ച് 1 ബി വീസ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്ന ഉത്തരവില്‍ കഴിഞ്ഞമാസം പ്രസിഡന്റ് ഡൊണാള്‍ഡ് ഒപ്പുവച്ചിരുന്നു. വീസ ദുരുപയോഗം തടയുന്നതിനായിരുന്നു ഇത്. അമേരിക്കന്‍ തൊഴിലിടങ്ങളില്‍ സ്വന്തം പൗരന്മാര്ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും ശമ്പള വര്‍ധനവും ഏര്‍പ്പെടുത്താനുള്ള ശ്രമവും ട്രംപ് നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല