സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, രണ്ടു പേര് കൂടി പിടിയില്‍, ബ്രിട്ടനില്‍ ആക്രമണം നടത്താനായി തക്കം പാര്‍ത്തിരിക്കുന്നത് 23,000 ഭീകരരെന്ന് റിപ്പോര്‍ട്ട്, പ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ വലയത്തില്‍. ഇരുപത്തിരണ്ടു പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഇവര്‍ ഒളിവില്‍കഴിഞ്ഞിരുന്ന വീടിനുള്ളില്‍ കടക്കാന്‍ പോലീസ് നിയന്ത്രിത സ്ഫോടനം നടത്തി. മാഞ്ചസ്റ്റര്‍ നഗരത്തിന്റെ വടക്കന്‍ പ്രദേശത്തുനിന്നാണ് ഇവര്‍ അറസ്റ്റിലായത്.
മണിക്കൂറുകള്‍ക്കുശേഷം നഗരത്തിന്റെ തെക്കന്‍ പ്രദേശമായ മോസ് സൈഡില്‍ പോലീസും ബോംബ് സ്ക്വാഡും വീടുകളില്‍ ഉള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തി. അതേസമയം, ബ്രിട്ടനില്‍ 23,000 തീവ്രവാദികള്‍ ഉള്ളതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. . റംസാന് മാസത്തില്‍ പാശ്ചാത്യരാജ്യങ്ങള്ക്കുനേരെ വിശുദ്ധയുദ്ധം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.
ആക്രമണ സാധ്യതയുള്ളതിനാല്‍ എവിടെയും കന്നത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഫ്.എ. കപ്പ് ഫൈനല്‍, പ്രീമിയര്‍ഷിപ്പ് റഗ്ബി ഫൈനല്‍, ഹേ സാഹിത്യോത്സവം തുടങ്ങി ഈയാഴ്ച നടക്കുന്ന 1300 ഓളം പരിപാടികള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബീച്ചുകളും തെരുവുകളും കളിക്കളങ്ങളടക്കമുള്ള പ്രധാന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയും സദാ നിരീക്ഷണത്തിലാണ്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതു പേര് പിടിയിലായെങ്കിലും സ്വന്തമായി സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള കൂടുതല്‍ ഭീകരര്‍ പുറത്തുണ്ടെന്ന് പൊലീസ് കരുതുന്നു. ചാവേറായ അബേദിയുടെ വീട്ടില്‍നിന്ന് ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയത് പൊലീസിന്റെ അന്വേഷണത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല