സ്വന്തം ലേഖകന്‍: കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി നിയന്ത്രണത്തില്‍നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുമെന്നാണ് സൂചന.
നിയമത്തിലെ കന്നുകാലി നിര്‍വചനത്തില്‍നിന്നും പോത്തിനെ ഒഴിവാക്കുമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറി എ.എന്‍. ഝാ ഇന്നലെ പറഞ്ഞത്. ഇതു സംബന്ധിച്ചു ചില പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍നടന്നു വരുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി. മേയ് 26ന് ഇറക്കിയ അന്തിമവിജ്ഞാപനത്തില്‍ പശു, കാള, പോത്ത്, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നീ മൃഗങ്ങളെയാണ് കന്നുകാലി നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കേരളത്തിനു പുറമേ, തമിഴ്‌നാടും കര്‍ണാടകയും പശ്ചിമ ബംഗാളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ജനങ്ങള്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു നാഗ്പുരുനിന്നും ഡല്‍ഹിയില്‍നിന്നുമല്ലെന്നു കേരള മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രത്തിനെതിരേ ശക്തമായി നിലയുറപ്പിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിരോധനത്തിനെതിരേ രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയാണ് പ്രതിഷേധവുമായി എത്തിയത്.
ബീഫ് വിവാദം കത്തിപ്പടരുന്നതിനിടെ ഉത്തരേന്ത്യന്‍ സംസ്‌കാരവും ഹിന്ദിയും അടിച്ചേല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടാ് ദ്രാവിഡനാട് എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം തുടങ്ങി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ദ്രാവിഡനാട് രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ചില ദക്ഷിണേന്ത്യക്കാരുടെ നേതൃത്വത്തിലാണ് ഹാഷ്ടാഗ് പ്രചരണം തുടങ്ങിയത്.
ബി.ജെ.പി നേതാക്കളില്‍ നിന്ന് ഉത്തരേന്ത്യന്‍ മോഡല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്തിയ ദക്ഷിണേന്ത്യയില്‍ ദ്രാവിഡനാട് രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നിരവധി പേര്‍ പറയുന്നു. പെരിയാറിന് ശേഷം ദ്രാവിഡ നാട് ക്യാംപെയ്ന്‍ ട്രെന്‍ഡ് ആയതില്‍ സന്തോഷമുണ്ടെന്ന് അംബേദ്കര്‍ കാരവന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.
നിരവധി ബംഗാളികളും പിന്തുണയുമായി രംഗത്തുണ്ട്. ഇ.വി രാമസ്വാമിയുടെ ജസ്റ്റിസ് പാര്‍ട്ടി മുന്നോട്ട് വച്ച ആശയമായിരുന്നു ദ്രാവിഡനാട്. അതേസമയം ദ്രാവിഡനാടിന് വേണ്ടിയുള്ള പ്രചരണം രാജ്യവിരുദ്ധമാണെന്ന് ശശിതരൂര്‍ എം.പി ട്വീറ്റ് ചെയ്തു. ഇത്തരം പ്രചരണങ്ങളില്‍ പങ്കാളിയാകരുതെന്നും ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ദ്രാവിഡനാട് എന്ന പ്രചരണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന ആരോപണവുമായി മറ്റു ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല