സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി തെരേസാ മേയുടെ ജനപ്രീതി കുറയുന്നതായി സര്‍വേ, പ്രചാരണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കിതപ്പും ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പും. പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച തേരേസാ മേയുടെ തീരുമാനം തിരിച്ചടിക്കുമോ എന്ന ആശശ്ങ്കയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലീഡ് ആറു ശതമാനമായി ചുരുങ്ങിയതാണ് പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്ക പടര്‍ത്തുന്നത്.
മാഞ്ചസ്റ്ററിലെ ഭീകരാക്രമണമാണ് മേയ്ക്ക് ക്ഷീണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍ഡേ ടെലിഗ്രാഫിന്റെ അഭിപ്രായ സര്‍വേയില്‍ കണ്‍സര്‍വേറ്റീവ് പിന്തുണ 46ല്‍ നിന്ന് 44 ശതമാനമായി കുറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടേത് 34ല്‍ നിന്ന് 38ലേക്ക് കൂടുകയും ചെയ്തു. വ്യത്യാസം 12 ശതമാനത്തില്‍ നിന്ന് ആറായി ചുരുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ഏഴും യൂറോ വിരുദ്ധ യുകിപിന് അഞ്ചും ശതമാനമുണ്ട്. യുകിപിന്റെ പിന്തുണ രണ്ടു ശതമാനം കുറഞ്ഞു.
സണ്‍ഡേ ടൈംസില്‍ കണ്‍സര്‍വേറ്റീവുകള്‍ക്കു 43, ലേബറിന് 36 എന്നതാണു നില. ദ ഒബ്സര്‍വറില്‍ 4535 എന്നതാണു നില. ശ്രദ്ധേയമായ കാര്യം ഒരുമാസം മുന്‍പ് കണ്‍സര്‍വേറ്റീവുകള്‍ 25 പോയിന്റിനു മുന്പിലായിരുന്നു എന്നതാണ്. ആ ലീഡ് ആറു പോയിന്റിലേക്കു താണു. ലേബര്‍ ആകട്ടെ ജെറെമി കോര്ബിന് നേതാവായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജനപിന്തുണ കാണിക്കുന്ന നിലയായി. തന്റെ മുന്‍ഗാമികളായ എഡ് മിലിബാന്‍ഡും ഗോര്‍ഡന്‍ ബ്രൗണും നേടിയതിലും മികച്ച വിജയം നേടാന്‍ ഇതു കോര്‍ബിനെ സഹായിക്കുമെന്നാണ് പ്രവചനങ്ങള്‍.
പുതിയ സര്‍വേപ്രകാരം മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 349, കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി 215, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 56 എന്നതാകും കക്ഷിനില. വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച തെരേസ മേ ഇനി കുറഞ്ഞ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 100 സീറ്റുകളുടെ എങ്കിലും ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് നടക്കില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല