സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതായി ട്രംപ്, കരാര്‍ ഇന്ത്യയുടേയും ചൈനയുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാനെന്നും ആരോപണം. തിരഞ്ഞെടുപ്പു സമയത്തെ വാഗ്ദാനം പാലിച്ചാണ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു.
കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടിക്കണക്കിനു ഡോളര്‍ വിദേശസഹായം കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. ചൈനക്കും ഇന്ത്യയ്ക്കും അവരുടെ കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎസിന്റെ കാര്യത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം,ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ശക്തമാകുന്നതിനിടെ ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയത് വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തുമെന്ന് ഉറപ്പാണ്. 2015 ല്‍ 195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പിട്ടതാണ് പാരിസ് ഉടമ്പടി. സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു കരാറില്‍ ഇതുവരെ ഒപ്പിടാതിരുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ നിര്‍ഗമനം പടിപടിയായി ലഘൂകരിച്ച് വ്യാവസായിക വിപ്ലവത്തിനു മുന്‍പുള്ള കാലത്തെ നിലയില്‍ എത്തിക്കുമെന്നാണ് ഉടമ്പടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല