സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍, ഭൂമിയെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയെന്ന് ആരോപണം. ട്രംപ് ലോകത്തിന് നേരെ മുഖം തിരിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ നാം ഒന്നും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ അതിഭീകരമായ അവസ്ഥയാകും ഉണ്ടാകുകയെന്നും മുന്നറിയിപ്പു നല്‍കി.
യുഎസ് തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് യു എന്‍ വ്യക്തമാക്കി. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ച് ലോകസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് യുഎന്‍ വക്താവ് അഭിപ്രായപ്പെട്ടു. ലോകത്തിന് ഏറ്റവും ദുഃഖകരമായ ദിനമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം. ട്രംപിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും വിമര്‍ശിച്ചു. ഭാവി തലമുറയുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് കരാര്‍ ഉണ്ടാക്കിയത്. കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റം നിരാശജനകമെന്നും തെരേസ മെയ് അഭിപ്രായപ്പെട്ടു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ ധനമന്ത്രി താരോ അസോ, ഇറ്റലി, ജര്‍മ്മനി രാജ്യതലവന്‍മാരും, യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിന്റെ നടപടിയെ അപലപിച്ചു. അതിനിടെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണല്‍ ട്രംപിനെ പിന്തുണച്ച് രംഗത്തെത്തി. ഒബാമ ഭരണകൂടത്തിന്റെ തെറ്റായ നയം ട്രംപ് തിരുത്തിയെന്നാണ് മക്കോണല്‍ പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ തീരുമാനത്തെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമെര്‍ വിമര്‍ശിച്ചു. 21 ആം നൂറ്റാണ്ടിലെ ഏറ്റവും മോശം തീരുമാനമെന്നായിരുന്നു ഷൂമറുടെ പ്രതികരണം.
അതേസമയം അമേരിക്കയിലെ 61 നഗരങ്ങളിലെ മേയര്‍മാര്‍ പാരീസ് ഉടമ്പടിയുമായി മുന്നോട്ട് പോകുമെന്ന് തുറന്ന കത്തിലൂടെ പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടീവ് റോബര്‍ട്ട് ഈഗറും, വ്യവസായ സംരംഭകന്‍ ഇലോണ്‍ മസ്‌കും വൈറ്റ് ഹൗസ് ഉപദേശക കൗണ്‍സിലില്‍ നിന്നും രാജിവെച്ചു.
ആഗോളതാപനത്തിന്റെ പേരില്‍ മറ്റു രാജ്യങ്ങള്‍ യു.എസിനെ ‘ഇര’യാക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെയും ചൈനയെയും പല തവണ കുറ്റപ്പെടുത്തുകയും ചെയ്തു. പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവില്‍ രണ്ടാം സ്ഥാനത്തുള്ള യു.എസിന്റെ പിന്‍മാറ്റം ആഗോളതാപനം ചെറുക്കാനുള്ള രാജ്യാന്തര ശ്രമങ്ങള്‍ക്ക് കനത്ത ആഘാതമായാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല